
ക്രിസ്മസ് എന്ന് പറഞ്ഞാൽ തന്നെ അലങ്കരിച്ച വീടുകളും ക്രിസ്മസ് ട്രീകളുമാണ് ഓർമ വരുന്നത്. ഇപ്പോൾ ക്രിസ്മസ് മാസമാണ് എല്ലാവരും തങ്ങളുടെ വീടും പരിസരവും പല തരം സാധനങ്ങൾ കൊണ്ട് അലങ്കരിക്കുന്ന തിരക്കിലാണ്. എന്നാൽ സ്വന്തം താടിയിൽ അലങ്കാര വസ്തുകൾ തൂക്കി ലോക റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഒരു അമേരിക്കക്കാരൻ.
യു എസിലെ ഇദാഹോയിലെ കുനയിൽ താമസിക്കുന്ന ജോയൽ സ്ട്രാസറാണ് ഈ പ്രശസ്തി നേടിയിരിക്കുന്നത്. ക്രിസ്മസ് അലങ്കാര വസ്തുകൾ വളരെ ക്രിയാത്മകമായി താടിയിൽ തൂക്കുന്ന വീഡിയോയും ഗിന്നസ് റെക്കോർഡ് പുറത്തുവിട്ടിട്ടുണ്ട്. നിരവധി അലങ്കാര വസ്തുകൾ താടിയിൽ തൂക്കിയതിനാണ് ജോയൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. ഏകദേശം ക്രിസ്മസ് ട്രീ പോലെയാണ് അലങ്കാരത്തിന് ശേഷമുള്ള താടി.
ഡിസംബർ രണ്ടിനാണ് ജോയൽ ഈ റെക്കോർഡ് സ്ഥാപിക്കുന്നത്. 710 പലതരത്തിലുള്ള ബോളുകളാണ് ഇദ്ദേഹം താടിയിൽ തൂക്കുന്നത്. 2019ലാണ് താൻ ആദ്യമായി ഈ പരീക്ഷണം ചെയ്യുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 2019 മുതൽ താടിയിലെ അലങ്കാരത്തിന് ജോയലിന് റെക്കോർഡുകൾ ലഭിക്കാറുണ്ട്. എല്ലാവർഷവും തന്റെ സ്വന്തം റെക്കോർഡ് തന്നെയാണ് തകർക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
താടിയിൽ ഈ അലങ്കാര വസ്തുക്കൾ ഘടിപ്പിക്കാൻ രണ്ടര മണിക്കൂർ ഇയാൾക്ക് എടുത്തു. ഇത് നീക്കം ചെയ്യാൻ ഒരു മണിക്കൂറും വേണ്ടി വരും. തുടക്കത്തില്‍ താന്‍ വളരെ അശ്രദ്ധമായാണ് താടി അലങ്കരിച്ചതെന്നും അതുകൊണ്ടാണ് ആദ്യത്തെ തവണ താടിയില്‍ തൂക്കിയ വസ്തുക്കളുടെ എണ്ണം കുറഞ്ഞുപോയതെന്നും ജോയല്‍ പറഞ്ഞു.താടിയിലെ ഓരോ രോമങ്ങളും എടുത്ത് വളരെ ശ്രദ്ധയോടെ ചെയ്തത് കൊണ്ടാണ് ഈ റെക്കോർഡ് കരസ്ഥമാക്കാൻ കഴിഞ്ഞതെന്നും ജോയൽ അറിയിച്ചു.