
കണ്ണൂരിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനായ ബാലനെ ചവിട്ടി താഴേക്ക് തൊഴിച്ചിട്ട സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞോടുന്നത് മനസലിവുള്ള ഒരു കാർ ഉടമയുടെ വീഡിയോയാണ്. റോഡിന്റെ വശത്തായി നിർത്തിയിട്ടിരുന്ന കാറിന് മുന്നിൽ നിന്ന് അജ്ഞാതനായ ഒരു യുവാവ് റിൽസ് നിർമ്മിക്കുന്നതിനായി വീഡിയോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.
എന്നാൽ ഈ കാഴ്ച സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നും കണ്ട കാർ ഉടമ, കാറിന്റെ അകത്തേയ്ക്ക് കയറി വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനായി താഴേയ്ക്ക് ഇറങ്ങിയ ഉടമ താക്കോൽ കൈമാറുകയും ചെയ്തു. എന്നാൽ ആദ്യം ഇതിന് തയ്യാറാകാതിരുന്ന യുവാവ്, ഉടമ നിർബന്ധിച്ചതോടെ വഴങ്ങി.
ഇൻസ്റ്റഗ്രാമിലെ ഹൃദയസ്പർശിയായ ഈ വീഡിയോ പതിനായിരങ്ങളെയാണ് ആകർഷിച്ചത്. ഏറെ നാളായി ഈ കാർ കാണാറുണ്ടെന്നും, കാറിനോട് ആരാധനയാണെന്നുമാണ് ഉടമയോട് ആൺകുട്ടി പറഞ്ഞത്. ഇതിനാലാണ് വീഡിയോ ചെയ്യാൻ ആഗ്രഹിച്ചത്.