
കാബൂൾ: അഫ്ഗാനിൽ സർവകലാശാല വിദ്യാർത്ഥിനികൾക്ക് വിലക്കേർപ്പെടുത്തിയുളള തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് താലിബാൻ. തങ്ങളുടെ നിർദ്ദേശമനുസരിച്ചുളള വസ്‌ത്രധാരണ രീതി പിന്തുടരാത്തതാണ് പെൺകുട്ടികളെ വിലക്കാനുളള തീരുമാനത്തിന് പിന്നിലെന്ന് താലിബാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം വ്യക്തമാക്കി.
14 മാസങ്ങളായി തുടരുന്ന താലിബാൻ ഭരണത്തിൽ പെൺകുട്ടികൾക്കും സ്‌ത്രീകൾക്കും വിവിധ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത് താലിബാൻ തുടരുകയാണ്. പെൺകുട്ടികൾ എന്ത് ധരിക്കണമെന്നതും ഒപ്പം ബന്ധുവായ പുരുഷനുണ്ടാകണം എന്നതും നിരന്തരം ലംഘിക്കുകയാണെന്ന് താലിബാൻ വ്യക്തമാക്കി. 'വിവാഹത്തിന് പങ്കെടുക്കാൻ പോകുന്നതുപോലെയാണ് അവർ വസ്‌ത്രം ധരിക്കുന്നത്. മാത്രമല്ല വീട്ടിൽ നിന്നും സർവകലാശാലകളിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾ നേരെ ഹിജാബും ധരിക്കുന്നില്ല.' നെദ മുഹമ്മദ് നദീം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചില സയൻസ് വിഷയങ്ങൾ പെൺകുട്ടികൾക്ക് ചേർന്നതല്ലെന്നും നദീം പറഞ്ഞു.
എഞ്ചിനീയറിംഗ്, കൃഷി, സയൻസ് തുടങ്ങി ചില വിഷയങ്ങൾ അഫ്ഗാൻ സംസ്‌കാരവുമായി ബന്ധപ്പെട്ട പെൺകുട്ടികളുടെ അന്തസും ബഹുമാനവുമായി പൊരുത്തപ്പെടുന്നതല്ല എന്നാണ് നദീം പറഞ്ഞത്. വനിതാ വിദ്യാർത്ഥികളെ മാത്രം പഠിപ്പിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാനും താലിബാൻ തീരുമാനിച്ചിട്ടുണ്ട്.
വൈദ്യശാസ്‌ത്ര, അദ്ധ്യാപന പരിശീലനത്തിന് പരീക്ഷയ്‌ക്ക് പെൺകുട്ടികൾ പങ്കെടുത്ത് മാസങ്ങൾക്കകമാണ് താലിബാന്റെ ഈ തീരുമാനം. പെൺകുട്ടികൾക്കുളള സെക്കന്ററി സ്‌കൂളുകൾ താലിബാൻ മുൻപ് നിർത്തലാക്കിയിരുന്നു. പൊതുസമൂഹത്തിൽ നിന്നും സ്‌ത്രീ പ്രാതിനിധ്യം ഒഴിവാക്കാനാണ് താലിബാൻ ശ്രമിക്കുന്നത്.
ബിരുദപഠനമടക്കം വിലക്കിയ താലിബാന്റെ നടപടിയ്‌ക്കെതിരെ മുസ്ളീം രാഷ്‌ട്രങ്ങളിൽ നിന്നുപോലും ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. മനുഷ്യത്വത്തിന് നേരെയുളള ആക്രമണമായാണ് ഇതിനെ അവർ കാണുന്നത്. സൗദി ഭരണകൂടം താലിബാന്റെ തീരുമാനത്തിൽ അശ്ചര്യവും ഖേദവും പ്രകടിപ്പിച്ചു. എന്നാൽ അഫ്‌ഗാന്റെ ആഭ്യന്തരകാര്യത്തിൽ ആരും ഇടപെടേണ്ടെന്നാണ് താലിബാൻ നിലപാട്.