
കാഠ്മണ്ഡു: കുപ്രസിദ്ധ സീരിയൽ കില്ലർ ചാൾസ് ശോഭരാജ് (78) ജയിൽ മോചിതനായി. 19 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് 'ബിക്കിനി കില്ലർ' എന്നറിയപ്പെടുന്ന ചാൾസ് ജയിൽ മോചിതനായത്. 20 വർഷമായിരുന്നു വിധിക്കപ്പെട്ട ശിക്ഷ. ഇയാളുടെ പ്രായം പരിഗണിച്ച് ജയിലിൽ നിന്നും വിട്ടയക്കാൻ നേപ്പാൾ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിലിൽ നിന്ന് മോചിപ്പിച്ചത്.
ഫ്രഞ്ച് പൗരനായ ശോഭരാജിനെ 15 ദിവസത്തിനുള്ളിൽ ഫ്രാൻസിലേക്ക് നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. അതുവരെ ഇയാളെ ഇമിഗ്രേഷൻ തടങ്കലിലേക്ക് മാറ്റും. ഇയാൾക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും അധികൃതർ അറിയിച്ചു. 2017ൽ ശസ്‌ത്രക്രിയ നടത്തിയിരുന്നു.
ചാൾസ് ശോഭരാജിനെ ഇന്നലെ മോചിപ്പിക്കാനായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ ആരോഗ്യപരിശോധന അടക്കമുള്ള നടപടികൾ പൂർത്തിയാവേണ്ടതുകൊണ്ടാണ് ജയിൽ മോചനം ഇന്നത്തേക്ക് മാറ്റിയത്.
1972നും 1976നും ഇടയിൽ മുപ്പതോളം പേരെയാണ് ചാൾസ് കൊലപ്പെടുത്തിയത്. ഇരകളിൽ ഭൂരിഭാഗവും ടൂറിസ്റ്റുകളായിരുന്നു. കവർച്ചയായിരുന്നു ലക്ഷ്യം. 2003ലാണ് നേപ്പാളിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് ശോഭരാജിനെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്‌തത്. അന്നു മുതൽ ജയിലിലായിരുന്നു.
ബിക്കിനി കൊലയാളി
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ചാൾസ് ശോഭരാജിന്റെ വലയിൽ വീണ സ്ത്രീകളായിരുന്നു. വിനോദസഞ്ചാരികളായ ബിക്കിനി ധരിച്ച സ്ത്രീകളായിരുന്നു കൂടുതലും. അങ്ങനെയാണ് ബിക്കിനി കൊലയാളി എന്ന പേര് വീണത്. തായ്‌ലൻഡ്, നേപ്പാൾ, ഇന്ത്യ, മലേഷ്യ, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, തുർക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലായി മുപ്പതിലേറെ കൊലപാതകങ്ങൾ നടത്തിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. 12 കൊലകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നിയമത്തിന്റെ കണ്ണുവെട്ടിക്കാനും ജയിലുകൾ ചാടാനും വിദഗ്ദ്ധനായിരുന്നു.