
ന്യൂഡൽഹി: രാമസേതുവിന്റെ ചരിത്രത്തിന് തെളിവില്ലെന്ന് കേന്ദ്രസഹ മന്ത്രി. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പ്രദേശമായ രാമസേതുവിൽ ചുണ്ണാമ്പുകല്ലുകൾ കണ്ടെത്തിയെങ്കിലും ഇത് ഒരു പാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് കേന്ദ്രസഹ മന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയിൽ പറഞ്ഞു.
ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ചില ദ്വീപുകളുടെ ഭാഗങ്ങളും ചുണ്ണാമ്പുകല്ലുകളും കണ്ടെത്തി. എന്നാൽ അവ പാലത്തിന്റെ ഭാഗങ്ങളാണെന്ന് പറയാൻ കഴിയില്ലെന്ന് ജിതേന്ദ്ര സിംഗ് രാജ്യസഭയിൽ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ശാസ്‌ത്രീയമായ പഠനം നടത്താൻ എന്തെങ്കിലും ശ്രമം നടത്തുന്നുണ്ടോ, എന്ന ബിജെപി എംപി കാർത്തികേയ ശർമയുടെ ചോദ്യത്തിന് മറുപടിയായാണ് ജിതേന്ദ്ര സിംഗ് ഇത് അറിയിച്ചത്.
ബഹിരാകാശത്തും നിന്ന് ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിൽ സന്തോഷമുണ്ടെന്നും. 18,000 വർഷം പഴക്കമുള്ള ചരിത്രം കണ്ടെത്തുന്നതിൽ ചില പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രം പരിശോധിച്ചാൽ ആ പാലത്തിന് ഏകദേശം 56 കിലോമീറ്റർ നീളമുണ്ടെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു. ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് ദ്വീപുകളുടെ ഒരു രൂപരേഖ വരയ്ക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. യുപിഎ സർക്കാർ നേരത്തെ പരിസ്ഥിതി പ്രവർത്തകനായ ആർ കെ പച്ചൗരിയെ രാമസേതുവിന് സമാന്തരപാതയുടെ സാദ്ധ്യതയെ കുറിച്ച് പഠനം നടത്താൻ നിയമിച്ചിരുന്നു.