
ന്യൂഡൽഹി: മുൻ നിശ്ചയിച്ചതിൽ നിന്നും വിഭിന്നമായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വെട്ടിച്ചുരുക്കി ലോക്‌സഭയും രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മുൻപ് നിശ്ചയിച്ചതിനെക്കാൾ ഒരാഴ്‌ച മുൻപാണ് സമ്മേളനം വെട്ടിച്ചുരുക്കി സഭ പിരിഞ്ഞത്. ലോക്‌സഭാ സ്‌പീക്കർ ഓം ബിർലയുടെ നേതൃത്വത്തിൽ കൂടിയ പാർലമെന്റിലെ കാര്യോപദേശക സമിതിയുടെ ശുപാർശയനുസരിച്ചാണിത്.
ക്രിസ്‌മസും പുതുവർഷവും അടുത്തതിനാൽ സഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് വിവിധ പാർട്ടികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പലവിധ വിഷയങ്ങളിൽ നിരന്തരം ഭരണ പ്രതിപക്ഷ പോര് കണ്ട സമ്മേളനമാണ് ഇത്തവണത്തേത്. സാധാരണ നവംബറിൽ ആരംഭിക്കേണ്ടതിന് പകരം ഇത്തവണ ഡിസംബർ ഏഴിനാണ് ശീതകാലസമ്മേളനം ആരംഭിച്ചത്. അരുണാചലിലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടൽ വാർത്ത വന്നതോടെ ഇക്കാര്യം പ്രതിപക്ഷം ഉന്നയിച്ചത് സഭയിൽ ബഹളത്തിനിടയാക്കി.
രാജ്യസഭയിൽ ഇന്ന് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ സഭ നിർത്തിവച്ച് കൊവിഡ് വ്യാപനം തടയുന്നതിനും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസംഗിച്ചു. രാജ്യസഭയിൽ ഇന്നും പ്രതിപക്ഷം ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ ചർച്ച ആവശ്യപ്പെട്ടു.സംഭവത്തെക്കുറിച്ച് രാജ്യമാകെ അറിയണമെന്ന് പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു.