nida-fathima

കായികകേരളത്തെയാകെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത സംഭവമാണ് നാഗ്പൂരിൽ ദേശീയ സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻപോയ ആലപ്പുഴ സ്വദേശിനി നിദ ഫാത്തിമ എന്ന പത്തുവയസുകാരിയുടെ മരണം.

കേരള ഹൈക്കോടതിയുടെ ഉത്തരവും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കത്തുമായി എത്തിയ കേരള സബ് ജൂനിയർ സൈക്കിൾ പോളോ ടീമിലെ അംഗമായിരുന്നു നിദ. എന്നാൽ ഇവർക്ക് താമസസൗകര്യമോ ഭക്ഷണമോ നൽകാൻ മത്സരത്തിന്റെ സംഘാടകരായ ദേശീയ സൈക്കിൾ പോളോ ഫെഡറേഷൻ തയ്യാറായില്ല. ഇതോടെ കുഞ്ഞുങ്ങൾക്ക് താത്കാലിക താമസസൗകര്യത്തിലേക്ക് മാറേണ്ടിവന്നു. ഇവിടെവച്ച് രാത്രിയിൽ നിദയ്ക്ക് അസുഖമുണ്ടാവുകയും പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്ന് നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

കേരളടീമിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കാനുള്ള ഫീസായി അരലക്ഷംരൂപ വാങ്ങിയിട്ടും താമസമോ ഭക്ഷണമോ നൽകാതിരുന്ന ദേശീയ സൈക്കിൾ പോളോ ഫെഡറേഷന്റെ അനാസ്ഥയാണ് നിദയുടെ ദാരുണാന്ത്യത്തിന് കാരണം. താമസവും ഭക്ഷണവും നൽകണമെന്ന് കോടതിവിധിയിൽ ഇല്ലെന്ന ന്യായം പറഞ്ഞാണ് നിദയടക്കമുള്ള കുഞ്ഞുങ്ങളെ താത്കാലിക താമസസൗകര്യം തേടാൻ നിർബന്ധിതരാക്കിയത്. ദേശീയ സൈക്കിൾ പോളോ ഫെഡറേഷനും കേരള സൈക്കിൾപോളോ അസോസിയേഷനും തമ്മിലുള്ള തർക്കമാണ് കുട്ടികളെ വലച്ചത്. കുറച്ചുവർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ കൊള്ളരുതായ്മകൾ ചോദ്യം ചെയ്ത കേരള സൈക്കിൾപോളോ അസോസിയേഷന്റെ അംഗീകാരം റദ്ദുചെയ്ത ദേശീയ ഫെഡറേഷൻ അവിടെ മുതലിങ്ങോട്ട് സ്വീകരിക്കുന്ന പകപോക്കലുകളുടെ ഒടുവിലത്തെ ഇരയാണ് നിദ.

ഒരു ദേശീയ ചാമ്പ്യൻഷിപ്പിലെ മോശം അമ്പയറിംഗിലൂടെ കേരള ടീമിനെ തോൽപ്പിച്ചതിനെതിരെ കേരള സൈക്കിൾപോളോ അസോസിയേഷൻ പ്രതിഷേധമുയർത്തിയിരുന്നു. ഇതിന്റെ പകതീർക്കാൻ ദേശീയ ഫെഡറേഷൻ നിലവിലെ കേരള അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുകയും മറ്റൊരു അസോസിയേഷന് അംഗീകാരം നൽകുകയുമായിരുന്നു. ഇതിനെതിരെ പഴയ അസോസിയേഷൻ വർഷങ്ങളോളം കേസ് നടത്തി അനുകൂലവിധി നേടിയെടുത്തു. കോടതിവിധി പരിഗണിച്ചാണ് കൗൺസിൽ ഈ അസോസിയേഷന് അംഗീകാരം നൽകിയത്. എന്നാൽ ദേശീയ ഫെഡറേഷൻ ഇവർക്ക് അംഗീകാരം നൽകിയിട്ടുമില്ല.

ഫലത്തിൽ സൈക്കിൾ പോളോയ്ക്ക് കേരളത്തിൽ രണ്ട് അസോസിയേഷനുകളായി. ഇതിൽ ഒന്നിന് മാത്രമാണ് ദേശീയ ഫെഡറേഷന്റെ അംഗീകാരം. പക്ഷേ ഈ അസോസിയേഷന് സംസ്ഥാന സർക്കാരിന്റെയും സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരമില്ല. സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനെ ഫെഡറേഷൻ അംഗീകരിച്ചിട്ടില്ല. ഈ വടംവലിയാണ് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് ടീമുകൾ പോകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. ഒരു വിഭാഗം ദേശീയ ഫെഡറേഷന്റെ പിന്തുണയോടെ കേരള ടീമായി മത്സരിക്കുമ്പോൾ മറുവിഭാഗം കോടതിയെ സമീപിച്ച് പങ്കെടുക്കാൻ അനുമതി തേടുന്നു. കോടതിവിധിയുമായി എത്തുന്നവരെ രണ്ടാം നിരയായിക്കണ്ട് പേരിന് പങ്കെടുപ്പിക്കുകയാണ് ദേശീയ ഫെഡറേഷൻ ചെയ്യുന്നത്. ഇത്തരത്തിൽ കായികതാരങ്ങളോട് കാട്ടുന്ന വേർതിരിവ് അവസാനിപ്പിച്ചേ മതിയാകൂ. കേരളത്തിൽ മിക്ക കായിക ഇനങ്ങളിലും രണ്ടും മൂന്നും അസോസിയേഷനുകളും അവർ തമ്മിലുള്ള തർക്കങ്ങളുമുണ്ട്.

അധികാരക്കസേരയ്‌ക്ക് വേണ്ടി ചിലർ നടത്തുന്ന വടംവലിയിൽ പല മികച്ച കായികതാരങ്ങൾക്കും അവസരം നഷ്ടമായിട്ടുണ്ട്. ഇപ്പോഴിതാ ഭാവിയിൽ എത്രയോ മെഡലുകൾ നേടേണ്ടിയിരുന്ന ഒരു കുരുന്നുതാരത്തിന്റെ ജീവനും. സൈക്കിൾ പോളോ ഒളിമ്പിക് ഇനമല്ലെങ്കിൽപ്പോലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തുള്ള പി.ടി ഉഷ വിഷയത്തിൽ ഇടപെടണം. കായികതാരങ്ങളെ കരുവാക്കി നടത്തുന്ന അധികാര വടംവലികൾ അവസാനിപ്പിക്കാൻ ശക്തമായ കായികനിയമം കൊണ്ടുവരണം. നിദയ്ക്ക് ആശുപത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാൻ സുതാര്യമായ അന്വേഷണവും വേണം.