dandruff

മിക്കയാളുകളും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് താരൻ. ഇതുമൂലമുണ്ടാകുന്ന ചൊറിച്ചിലിനും മുടികൊഴിച്ചിലും സഹിക്കാൻ കഴിയാതെ മാർക്കറ്റിൽ കിട്ടുന്ന പല ഷാംപുകളും ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ കുറച്ച് ദിവസം ആശ്വാസം ഉണ്ടാകുമെങ്കിലും പലപ്പോഴും താരൻ വീണ്ടും വരുന്ന അവസ്ഥയുണ്ടാകാറുണ്ട്.

പോക്കറ്റ് കാലിയാകാതെ, പാർശ്വഫലങ്ങളൊന്നും ഇല്ലാതെ താരനെ വേരോടെ പിഴുതെറിയണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്.ഈ സൗന്ദര്യ പ്രശ്നം മാറാൻ കഞ്ഞിവെള്ളവും ചെമ്പരത്തി താളിയും ഉലുവയുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഇതൊക്കെ മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

തലയിൽ നാരങ്ങാ നീര് തേച്ച് മസാജ് ചെയ്താൽ താരൻ മാറുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. തത്ക്കാലത്തേക്ക് ആശ്വാസം ലഭിക്കുമെങ്കിലും, കുറച്ച് നാൾ കഴിയുമ്പോൾ താരൻ തിരിച്ചെത്തും. മാത്രമല്ല നാരങ്ങാനീര് മാത്രം തലയിൽ തേക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഒരു ഡോക്ടറെ സമീപിച്ച് പ്രശ്നം മാറ്റുന്നതായിരിക്കും അഭികാമ്യം.