popular-front-harthal-

കൊച്ചി : പോപ്പുലർ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളിൽ അറസ്റ്റിലായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വൈകിയതിൽ സർക്കാർ ഹൈക്കോടതിയിൽ ക്ഷമ ചോദിച്ചു. ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിൽ കാലതാമസം വരുത്തിയതിന് കോടതി കഴിഞ്ഞയാഴ്ച സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. ഇതേതുടർന്നാണ് ഇന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ വി വേണു നേരിട്ട് ഹാജരായി മാപ്പപേക്ഷിച്ചത്.

പൊതുമുതൽ നശിപ്പിക്കുന്ന സംഭവം ഗൗരവമുള്ള വിഷയമാണെന്ന് കോടതി ചൂണ്ടികാട്ടി. പൊതുമുതൽ നശിപ്പിക്കുന്നത് പൊതു താൽപ്പര്യത്തിന് വിരുദ്ധമാണ്, ഇത്തരക്കാരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. ഇക്കാര്യം ബോദ്ധ്യപ്പെടുത്താനാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയോട് കോടതി വ്യക്തമാക്കി. ജനുവരി 17ന് ഹർജി കോടതി വീണ്ടും പരിഗണിക്കും.