
തിരുവനന്തപുരം: എസ് എഫ് ഐ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ നിർദേശം അനുസരിക്കാതെ ജില്ലാ നേതൃത്വം. എസ് എഫ് ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും മദ്യലഹരിയിലാണെന്ന് സൂചിപ്പിക്കുന്ന ഒരു വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെ ജില്ലാ കമ്മിറ്റി പിരിച്ചുവിടാൻ സംസ്ഥാന സെക്രട്ടറി നിർദേശം നൽകുകയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് വിവരം. ജില്ലാ സെക്രട്ടറിയേറ്റിലെ പ്രമുഖന്റെ സംരക്ഷണമുള്ളതിനാലാണ് നടപടിയെടുക്കാത്തതെന്ന് പാർട്ടിക്കകത്ത് ആക്ഷേപമുയർന്നിട്ടുണ്ടെന്നാണ് വിവരം.
ദത്തുവിവാദം തൊട്ട് കത്ത് വിവാദം വരെ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നേതാക്കളുടെ വീഡിയോ പുറത്തുവന്നത്. തന്റെ ഇത്രയും നാളത്തെ പാർട്ടി പ്രവർത്തനത്തിനിടെ ഇതുവരെ കേൾക്കാത്ത കാര്യങ്ങളാണ് തിരുവനന്തപുരത്തെ പാർട്ടിയിൽ നിന്ന് കേൾക്കുന്നതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു.