bharath-jodo-yathra

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. എന്നാൽ കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുകയാണെന്നും ഭാരത് ജോഡോ യാത്ര ജനം ഏറ്റെടുത്തതിലുള്ള അമർഷമാണെന്നുമാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.

'മാസ്ക് നിർബന്ധമാക്കുകയാണെങ്കിൽ അത് അനുസരിക്കും. ആരോഗ്യമന്ത്രി നോട്ടീസ് നൽകുമെന്ന് അറിഞ്ഞിരുന്നില്ല. എല്ലാവരുടെയും കയ്യിൽ മാസ്ക് ഉണ്ടായിരുന്നില്ല. ഇന്ന് കുറച്ചുപേർ മാസ്ക് വച്ചിരുന്നു. നാളെ മുതൽ എല്ലാവരും മാസ്ക് ധരിക്കും. സാമൂഹിക അകലം പാലിക്കണമെങ്കിൽ അതും ചെയ്യാം. ഇപ്പോഴുണ്ടാകുന്ന വിവാദങ്ങൾ അനാവശ്യമാണ്. കൊവിഡുമായി ബന്ധപ്പെട്ട് ഒരു മാർഗനിർദേശങ്ങളും നിലവിലില്ല. എന്തുകൊണ്ട് ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നത് നാടകമാണ്. ഭാരത് ജോഡോ യാത്രയെ ഡൽഹിയിൽ കയറ്റാതിരിക്കാനുള്ള അടവാണിത്.'- കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

അതേസമയം, ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കണമെന്ന് കേന്ദ്ര മന്ത്രിമാരായ പ്രൽഹാദ് ജോഷിയും അനുരാഗ് താക്കൂറും ആവശ്യപ്പെട്ടിരുന്നു. ജോഡോ യാത്ര ഇന്ന് ഡൽഹിയിൽ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകിയത്. കൊവിഡിന്‍റെ പേരില്‍ അനാവശ്യ ഭീതി പരത്തി ഭാരത് ജോഡോ യാത്ര നിര്‍ത്തി വയ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു.