k-c-venugopal

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിനെതിരെ തെളിവുകളില്ലെന്ന് സിബിഐ. പരാതിക്കാരിയെ പീഡിപ്പിച്ചതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ മതിയായ തെളിവുകളില്ലെന്ന് പ്രതിപാദിക്കുന്ന അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചു. മുൻ കേന്ദ്രമന്ത്രി 2012 മെയ് മാസത്തിൽ മൂന്ന് തവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതിയിലെ ആരോപണം.

ആ കാലയളവിൽ ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന എ പി അനിൽ കുമാറിന്റെ വസതിയിലെത്തിച്ച് കെ സി വേണുഗോപാൽ പീഡിപ്പിച്ചു എന്ന പരാതിയിന്മേൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിവന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്വേഷണം സിബിഐയ്ക്ക് കൈമാറുകയായിരുന്നു.

അന്വേഷണസംഘം മൂന്ന് തവണ പരാതിക്കാരിയിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ശാസ്ത്രീയ പരിശോധന അടക്കം നടപ്പിലാക്കുകയും ചെയ്തിരുന്നു. കെ സി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകളും ഒപ്പം പീഡന സമയത്ത് ധരിച്ചിരുന്നത് എന്ന് പറയപ്പെടുന്ന വസ്ത്രവും അന്വേഷണ സംഘത്തിന് മുൻപാകെ കൈമാറിയതായി പരാതിക്കാരി മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു. പീഡന ദൃശ്യങ്ങൾ ഒരു സാക്ഷി പകർത്തിയതായും പരാതിയിൽ ആരോപിച്ചിരുന്നു. ഇതടക്കം വ്യാജമാണെന്ന് കണ്ടെത്തിയാണ് സിബിഐ കെ സി വേണുഗോപാലിന് ക്ളീൻ ചിറ്റ് നൽകിയിരിക്കുന്നത്.

എഐസിസി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെക്കൂടാതെ യുവതിയുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻമന്ത്രിമാരായ അടൂർ പ്രകാശ്, എ. പി. അനിൽകുമാർ, ഹൈബി ഈഡൻ എം പി, ബി.ജെ. പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുളള കുട്ടി എന്നിവർക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിൽ മുൻമന്ത്രി എ പി അനിൽ കുമാർ, അടൂർ പ്രകാശ് ഹൈബി ഈഡൻ എം പി എന്നിവർക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിബിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.