
ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ് അടക്കമുള്ള വീഡിയോ സ്ട്രീമീംഗ് ആപ്പുകളിൽ ഒന്നിലധികം ഉപഭോക്താക്കളുടെ പ്രൊഫൈൽ ഉൾപ്പെടുത്താനുള്ള സൗകര്യങ്ങൾ നൽകി വരുന്നുണ്ട്. ഒരു കുടുംബത്തിലെ ഒന്നിലധികം പേർക്ക് അവർക്കിഷ്ടപ്പെട്ട തരത്തിലുള്ള സിനിമകളും സീരീസുകളും ക്രോഡീകരിക്കുന്നതിനായിട്ടാണ് കമ്പനികൾ ഈ ഓപ്ഷൻ നൽകി വരുന്നത്. എന്നാൽ കുടുംബത്തിന് പുറത്ത് പ്രത്യേകിച്ച് സ്ട്രീമിംഗ് ആപ്പുകൾക്കായി പെയ്ഡ് സബ്സ്ക്രിപ്ഷൻ കൈക്കലാക്കത്തവരും പാസ്‌വേഡ് പങ്കുവെച്ച് ഈ ഓപ്ഷൻ മുഖാന്തരം വ്യാപകമായി സേവനം ആസ്വദിച്ച് വരുന്നുണ്ട്.
ഇത്തരത്തിൽ പണം മുടക്കാതെ തന്നെ പാസ്‌വേഡ് ഷെയർ ചെയ്ത് അക്കൗണ്ട് വിനിയോഗിക്കുന്നവർ വഴി നെറ്റ്ഫ്ളിക്സിന് അടക്കം വലിയ നഷ്ടമുണ്ടാകുന്നതായാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിന്റെ കണക്കുകൾ അനുസരിച്ച് ടെലിവിഷൻ സ്ട്രീമിംഗ് സേവനത്തിനായി പണം നൽകാത്ത 100 ദശലക്ഷത്തിലധികം വീടുകൾ കമ്പനിയുടെ ഏകദേശം 222 ദശലക്ഷം പണമടയ്ക്കുന്ന ഉപഭോക്താക്കളുമായി അക്കൗണ്ടുകൾ പങ്കിടുന്നുണ്ട്. ഇത്തരത്തിലുള്ള ഭീമമായ നഷ്ടം നികത്തുന്നതിനായി അക്കൗണ്ട് വിവരങ്ങൾ പങ്കുവെയ്ക്കുന്നതിൽ നെറ്റ്ഫ്ളിക്സ് കർശന നിയന്ത്രണങ്ങൾ കൊണ്ട് വന്നിരുന്നു.
എന്നാൽ ഒരു പടി കടന്ന് നെറ്റ്ഫ്ളിക്സ് അടക്കമുള്ള സ്ട്രീമിംഗ് ആപ്പുകളുടെ പാസ്‌വേഡ് സുഹൃത്തുകൾക്കും സഹപാഠികൾക്കുമെല്ലാെം പങ്കുവെയ്ക്കുന്നത് ക്രിമിനൽ നടപടി ആക്കിയിരിക്കുകയാണ് യുകെ. ഇനി മുതൽ പാസ്‌വേഡുകൾ കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് രാജ്യത്തെ ഇന്റലക്ച്വൽ പ്രോപർട്ടി ഓഫീസ് (ഐപിഒ) ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടുണ്ട്.
പകർപ്പാവകാശ നിയമപ്രകാരം പാസ്‌വേഡുകൾ പരസ്പരം കൈമാറുന്നതിന് നിരോധനമേർപ്പെടുത്തിയതായാണ് ഐപിഒ അറിയിച്ചിരിക്കുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം നെറ്റ്ഫ്ളിക്സിൽ അടക്കം സിനിമയും സീരീസും കാണാനായി അക്കൗണ്ട് ഉടമയിൽ നിന്നും ചുളുവിൽ പാസ്‌വേഡ് വാങ്ങി ഉപയോഗിച്ചാൽ ക്രിമിനൽ കേസിൽപ്പെട്ട് നിയമനടപടി നേരിടേണ്ടി വരും. ഐപിഒ വ്യക്തമാക്കുന്നത് പ്രകാരം ഇത്തരം നടപടി ഉപഭോക്താക്കളിൽ നിന്നുണ്ടായാൽ കേസ് ഫയൽ ചെയ്യാൻ സ്ട്രീമീംഗ് പ്ളാറ്റ്ഫോമിന് അധികാരമുണ്ട്.