veena-george

തിരുവനന്തപുരം : മറ്റ് രാജ്യങ്ങളിൽ കൊവിഡ് വർച്ചു വരുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വർദ്ധനവിന്റെ നിരക്കനുസരിച്ച് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും.

കേന്ദ്ര നിർദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ജില്ലകളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലകൾ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. സംസ്ഥാനത്ത് നിലവിൽ കൊവിഡ് കേസുകൾ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കേസുകൾ 100ന് താഴെ മാത്രമാണ്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതൽ ശക്തിപ്പെടുത്തും. എയർപോർട്ടുകളിലും സീപോർട്ടിലും ആർക്കെങ്കിലും കൊവിഡ് പോസിറ്റീവായാൽ ആ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്.

മരുന്നുകളടേയും സുരക്ഷാ സാമഗ്രികളടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്താൻ മന്ത്രി നിർദേശം നൽകി. എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും മന്ത്രി നിർദേശം നൽകി. കോവിഡ് വാക്സിൻ എടുക്കാനുള്ളവർ വാക്സിൻ എടുക്കണം. കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നതാണ്. അവബോധം ശക്തിപ്പെടുത്താനും നിർദേശം നൽകി.

എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ക്രിസ്തുമസ് ന്യൂ ഇയർ സമയമായതിനാൽ എല്ലാവരും യാത്രാ വേളകളിൽ പ്രത്യേകം ശ്രദ്ധിക്കണം. പൊതുയിടങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്‌ക് ധരിക്കണം. കൊവിഡ് പ്രോട്ടോകോൾ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീട്ടിലുള്ള കുട്ടികൾക്കും പ്രായമുള്ളവർക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവർക്കും പ്രത്യേകം കരുതൽ വേണം. കൊവിഡ് അവർക്ക് ഉണ്ടാകാതിരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആർക്കും മറ്റൊരാളിൽ നിന്നും കൊവിഡ് പകരാതിരിക്കാൻ ശ്രദ്ധിക്കണം. ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, സർവയലൻസ് ഓഫീസർമാർ, ആർ.സി.എച്ച്. ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.