
ബീജിംഗ്: ഈ ആഴ്ച ഒറ്റ ദിവസം മാത്രം ചൈനയിൽ 3.7 കോടി പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോർട്ട്. ബുധനാഴ്ച ചേർന്ന ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മിഷന്റെ യോഗത്തിന്റെ വിലയിരുത്തലിലാണ് ഈ ഞെട്ടിക്കുന്ന കണക്കെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കണക്കുകൾ കൃത്യമെങ്കിൽ ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വലിയ രോഗവ്യാപനമാണിത്. ഡിസംബർ 20നാണ് രാജ്യത്ത് 3.7 കോടി പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് അധികൃതർ പറയുന്നത്. എന്നാൽ ചൈനീസ് ഭരണകൂടം അന്ന് പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ 3,049 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ഡിസംബറിലെ ആദ്യ 20 ദിവസങ്ങൾക്കിടെ 24.8 കോടി പേർക്ക് (ജനസംഖ്യയുടെ 18 ശതമാനം) കൊവിഡ് ബാധിച്ചിരിക്കാമെന്നാണ് കണക്ക് കൂട്ടൽ. സിചുവാൻ പ്രവിശ്യയിലും ബീജിംഗ് നഗരത്തിലും ഏകദേശം ആകെയുള്ളതിൽ പകുതിയിലേറെ പേർക്ക് കൊവിഡ് വന്നു കഴിഞ്ഞു. എന്നാൽ കേസുകളുടെ എണ്ണത്തിൽ അധികൃതർ എങ്ങനെ ഈ നിഗമനത്തിലെത്തിയെന്ന് വ്യക്തമല്ല.
രാജ്യത്തെ പി.സി.ആർ ടെസ്റ്റിംഗ് ശൃംഖലകൾ ഈ മാസം ആദ്യം അടച്ചിരുന്നു. അതേ സമയം, കൊവിഡ് ബാധിച്ച് മരിച്ചവരെ സംബന്ധിച്ച വിവരങ്ങൾ നാഷണൽ ഹെൽത്ത് കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. കൊവിഡിനോട് അനുബന്ധിച്ച് ന്യുമോണിയ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകൾ മാത്രമേ പരിഗണിക്കുന്നുള്ളൂ എന്നാണ് സൂചന.
അതേ സമയം, ചൈനയിൽ പടരുന്ന ബി.എഫ് 7 കൊവിഡ് വകഭേദം രണ്ട് വർഷത്തോളമായി 91 രാജ്യങ്ങളിലായി കണ്ടെത്തിയിട്ടുണ്ടെന്നും കാര്യമായ നാശം സൃഷ്ടിച്ചിട്ടില്ലെന്നും കാലിഫോർണിയയിലെ സ്ക്രിപ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ രേഖകളിൽ പറയുന്നു.