rape-case

കൊച്ചി: പെരുമ്പാവൂരിൽ 42-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ഇരട്ട ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. അസാം സ്വദേശിയായ ഉമർ അലിയെ ആണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന പ്രത്യേക കോടതി ശിക്ഷിച്ചത്. ക്രൂരമായി കൃത്യം നിർവഹിച്ച പ്രതിയുടെ പ്രായം കണക്കിലെടുത്താണ് വധശിക്ഷ ഒഴിവാക്കുന്നതെന്ന് കോടതി അറിയിച്ചു.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുറുപ്പുംപടി സ്വദേശിനിയെ തൂമ്പ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു പ്രതി കൃത്യം നിർവഹിച്ചത്. ഇരയെ ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തലയ്ക്കടിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്ത പ്രതി മരണം ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ഉമർ അലി പിടിയിലായത്. പ്രതി ഇരയെ പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങൾ സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.