thrissur

കല്ലേറ്റുംകര : കേരളീയ ഗണിതപദ്ധതിയുടെ ഉപജ്ഞാതാവുമായ സംഗമഗ്രാമ മാധവന്‍ ഭാരതീയ ജ്ഞാന പൈതൃകത്തിലെ ശുക്രനക്ഷത്രമാണെന്ന് ഡോ.അനുരാധ ചൗധരി. ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച്, 14-ാം നൂറ്റാണ്ടിലെ ഭാരതീയ ഗണിത പണ്ഡിതനായിരുന്ന സംഗമ ഗ്രാമമാധവന്റെ കല്ലേറ്റുംകരയിലെ ജന്മഗൃഹം സന്ദര്‍ശനത്തിനും അനുസ്മരണത്തിനുമായി നേരിട്ടെത്തിയതായിരുന്നു ഖരക്ക്പൂര്‍ ഐ ഐ ടി യിലെ അധ്യാപികയായ ചൗധരി. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഭാരതിയ ജ്ഞാന പൈതൃക വിഭാഗത്തിന്റെ കോഡിനേറ്ററായി പ്രവര്‍ത്തനമനുഷ്ടിച്ച് വരികയാണ് അനുരാധ ചൗധരി.

ആധുനിക ഗണിത തത്വങ്ങളുടെ അഗ്രേസരനുമായ ഇരിങ്ങാടപ്പള്ളി മാധവന്‍ എന്ന സംഗമ ഗ്രാമ മാധവന്റെ ജന്മഗൃഹവും ക്ഷേത്രസമുച്ചയവും അടക്കം സംരക്ഷിച്ച് ഭാരതീയ ഗണിത പഠന കേന്ദ്രമാക്കാന്‍ ബ്രഹത് പദ്ധതി ആവശ്യമാണ്. കേരളീയ ഗണിതം, കല, കളി, കരകൗശലം, കളരി എന്നിവക്കൊക്കെ ഉചിതമായ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആസൂത്രണങ്ങള്‍ നടന്നു വരികയാണ്. കേരളീയ സമൂഹം ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു.


കേരളീയ ഗണിത പദ്ധതി പരിചയപ്പെടുത്തുന്ന കേന്ദ്രത്തില്‍ താളിയോല, മറ്റ് പ്രാമാണിക ഗ്രന്ഥങ്ങളുടെ ശേഖരണവും സംരക്ഷണവും പഠന ഗവേഷണ സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ പൗരാണിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതും സംരക്ഷിക്കുന്നതും അടക്കമുള്ള വിഷങ്ങളില്‍ പരീശീലനവും നല്‍കും.

സംസ്‌കൃതം, തമിഴ്, പഴയ മലയാളം എന്നിവയില്‍ പ്രവിണ്യം നല്‍കല്‍, വട്ടെഴുത്ത്, കോലെഴുത്ത് എന്ന് വായിച്ചെടുക്കാനുള്ള പരിശീലനം, കേരളീയ ഗണിത പൈതൃകത്തിലെ പ്രമുഖരുടെ ജീവിതം, ബന്ധപ്പെട്ട സ്ഥലങ്ങളുടെ മാപ്പിംഗ് എന്നിവയും ഈ കേന്ദ്രത്തിലൂടെ നടക്കണം എന്നാണ് വിഭാവനം ചെയ്യുന്നത്. മാധവനെ അറിയാത്ത ഒരു വിദ്യാര്‍ത്ഥിയും കേരളത്തില്‍ ഇനി ഉണ്ടാവരുത് എന്നും അനുരാധ ചൗധരി കൂട്ടിച്ചേര്‍ത്തു.

ഗണിത ദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട കല്ലേറ്റുകരയിലെ മാധവന്റെ ജന്മഗൃഹം സന്ദര്‍ശിക്കുകയും ക്ഷേത്രത്തിലെ മാധവശിലയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. മാധവഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ 11-ാമത് മാധവ ഗണിത പുരസ്‌കാര ചടങ്ങിലും ഭാരതീയ ഗണിത സമ്മേളനത്തിലും പങ്കെടുക്കാനാണ് അവര്‍ കേരളത്തില്‍ എത്തിയത്.

മാധവഗണിത കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിയും ഇപ്പോള്‍ ഡയറക്ടറുമായ എ.വിനോദ്, തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സി.സുരേഷ്, സുഭാഷ് കല്ലറ്റുകര, ഹരി ഇരിങ്ങാടപ്പള്ളി, ക്ഷേത്ര പൂജാരി അശോകന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.