bjp-tvm

തിരുവനന്തപുരം: നിയമന ശുപാർശാ വിവാദത്തിൽ തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള യുവ മോർച്ച മാർച്ച് പൊലീസ് തടഞ്ഞു. നഗരസഭയിലേയ്ക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.കത്ത് വിവാദത്തിൽ തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി എഴിന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഹർത്താൽ സംഘടിപ്പിക്കുമെന്ന് ബിജെപി നേതാവ് വി വി രാജേഷ് പറഞ്ഞു. ജനുവരി രണ്ട് മുതൽ അഞ്ച് വരെ പ്രതിഷേധ മാർച്ചും ജനുവരി ആറിന് നഗരസഭ വളയുമെന്നും അദ്ദേഹം വ്യക്തമാക്കി.

മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് നിയമസഭയിലേയ്ക്കടക്കം ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിന് മുന്നിലും നഗരസഭാ ഭരണസമിതിയുടെ പിരിച്ചുവിടലും മേയറുടെ രാജിയും ആവശ്യപ്പെട്ട് കൊണ്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചിരുന്നു.

അതേ സമയം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയറുടെ പരാതിയിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രധാനപ്പെട്ട വിവരങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നുമുള്ള ക്രൈംബ്രാഞ്ചിന്റെ ശുപാർശ അംഗീകരിച്ച് ഡി.ജി.പി അനിൽ കാന്ത് അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു.

നഗരസഭയെയും മേയറെയും സമൂഹത്തിൽ ഇകഴ്ത്തിക്കാട്ടുന്നതിനുവേണ്ടി മേയർ സ്ഥലത്തില്ലാതിരുന്ന സമയത്ത് മേയറുടെ ലെറ്റർപാഡിൽ കൃത്രിമം കാട്ടി വ്യാജ ഒപ്പുവച്ച കത്ത് തയാറാക്കി പകർപ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് എഫ്.ഐ.ആറിലെ പരാമർശം. ആരോഗ്യവിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന പേരിൽ പ്രചരിച്ച കത്താണ് വിവാദമായത്. പിന്നാലെ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.