
ന്യൂഡൽഹി: വായ്പാ തട്ടിപ്പ് കേസിൽ മുൻ ഐസിഐസിഐ സിഇഒ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു.സ്വകാര്യ ബാങ്കിംഗ് ശൃംഖലയുടെ മേധാവിയായിരിക്കുമ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ 3,000 കോടിയിലധികം രൂപയുടെ വായ്പയില്‍ ചന്ദ കൊച്ചാർ ക്രമക്കേട് നടത്തിയെന്ന കേസിലാണ് സിബിഐ നടപടി.
പ്രമുഖ ഇലക്ട്രോണിക്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനിയായ വീഡിയോകോണ്‍ ഗ്രൂപ്പിന് 2012ല്‍ 3,250 കോടി രൂപ വായ്പ നല്‍കിയതിന് പിന്നിൽ കൊച്ചാറിനെതിരെ സിബിഐ ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനാക്കുറ്റവും ആരോപിച്ചിരുന്നു. വായ്പ അനുവദിച്ചത് വിവാദമായതിന് പിന്നാലെ 59-കാരിയായ ചന്ദ കൊച്ചാര്‍ 2018 ഒക്ടോബറില്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും രാജി വെച്ചൊഴിഞ്ഞിരുന്നു.
വീഡിയോകോൺ മേധാവിയായ വേണുഗോപാല്‍ ധൂതിന് തന്റെ ഭർത്താവായ ദീപക് കൊച്ചാറുമായുള്ള ബിസിനസ് ബന്ധങ്ങൾ പരസ്യമാക്കാതെയായിരുന്നു ചന്ദ കൊച്ചാർ അംഗമായ സമിതി വായ്പ അനുവദിച്ച് നൽകിയത്. വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് വായ്പ അനുവദിച്ച് മാസങ്ങള്‍ക്ക് ശേഷം കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന കമ്പനിയില്‍ മുന്‍ വീഡിയോകോണ്‍ ചെയര്‍മാന്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു.വീഡിയോകോണിനായി ചന്ദ കൊച്ചാർ അനുവദിച്ച വായ്പ പിന്നീട് കിട്ടാക്കടമായി മാറിയിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ മൂന്നാമത്തെ ബാങ്കിംഗ് ശൃംഖലയുടെ മേധാവിയായി സേവനമനുഷ്ഠിച്ച് ഏറ്റവും സ്വാധീനമുള്ള വനിതാ ബാങ്കര്‍മാരില്‍ ഒരാളെന്ന ഖ്യാതിയിൽ നിൽക്കവേ ആയിരുന്നു ചന്ദ കൊച്ചർ സാമ്പത്തിക തിരിമറി കേസിൽ ആരോപണ വിധേയ ആയത്.