
ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ഇടുക്കി കുമളി-കമ്പം പാതയിൽ വെച്ച് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. തമിഴ്നാടിൽ നിന്നുള്ള തീർത്ഥാടകരാണ് രാത്രി 11 മണിയോടെ അപകടത്തിൽപ്പെട്ടത്.
സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോർട്ട് പ്രകാരം ഒരു കുട്ടിയടക്കം ഒമ്പത് പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ കുമളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ ഇപ്പോഴും വാഹനത്തിൽ തന്നെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെത്തിക്കാനുള്ല രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വാഹനം പെൻസ്റ്റോക്ക് പൈപ്പിൽ തട്ടി മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി ജില്ലാ കളക്ടര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപന ചുമതല.
താഴേക്ക് മറിഞ്ഞ് കിടക്കുന്ന വാഹനത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടുന്നുണ്ടെന്നും അപകടത്തില്‍പ്പെട്ട കുട്ടിയുടെ നില ഗുരുതരമല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.