
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പ്രവേശിച്ചു. ശനിയാഴ്ച പുലർച്ചെ ഫരീദാബാദ് അതിർത്തിയിൽ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരിയുടെ നേതൃത്വത്തിൽ രാഹുലിനേയും യാത്രികരേയും സ്വീകരിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളിയാണ് തലസ്ഥാന നഗരിയിലേയ്ക്കുള്ള പ്രവേശനം.
പാർട്ടി നേതാക്കളായ ഭൂപീന്ദർ സിംഗ് ഹൂഡ, കുമാരി സെൽജ, രൺദീപ് സുർജേവാല എന്നിവരും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. സോണിയ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.
കൊവിഡ് വകഭേദം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് യാത്ര നിർത്തിവെയ്ക്കണമെന്ന് വെള്ളിയാഴ്ച കേന്ദ്രസർക്കാർ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
दिलवालों की दिल्ली में आदरणीय श्री @RahulGandhi जी का स्वागत, वंदन, अभिनंदन।#BharatJodoYatraDelhi pic.twitter.com/ZlEoqFImD6
— Anil Chaudhary (@Ch_AnilKumarINC) December 24, 2022
'രാജ്യത്തെ സാധാരണക്കാർ ഇപ്പോൾ സ്നേഹത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ഓരോ സംസ്ഥാനത്തും ലക്ഷക്കണക്കിനു പേരാണ് ഭാരത് ജോഡോ യാത്രയിൽ അണിനിരന്നത്. ആർഎസ്എസിന്റെയും ബിജെപിയുടെയും നേതാക്കളോട് എനിക്കു പറയാനുള്ളത്, നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തിൽ ഞങ്ങൾ സ്നേഹത്തിന്റെ കട തുറക്കും എന്നാണ്. അവർ വെറുപ്പു പരത്തുന്നു, ഞങ്ങൾ സ്നേഹവും' എന്ന് രാഹുൽ പറഞ്ഞു.