കിരീടം, ചെങ്കോൽ, ഭരതം, കമലദളം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. പതിറ്റാണ്ടുകൾ നീണ്ട തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകനിപ്പോൾ.

sibi-malayil

'കിരീടത്തേക്കാൾ ചെങ്കോലാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് സംവിധായകൻ പറയുന്നു. ചെങ്കോലിലെ കഥാപാത്രങ്ങൾക്കെല്ലാം വലിയൊരു പശ്ചാത്തലമുണ്ട്. കഠിനമായ ജീവിതത്തിന്റെ ദുരന്ത അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഈ പുതിയ കഥയിൽ നമ്മൾ അവരെ കൊണ്ടുവരുന്നത്. മോഹൻലാൽ എന്ന നടന്റെ വളർച്ചയും കാണാൻ കഴിയുന്നത് ചെങ്കോലിലാണ്.'- അദ്ദേഹം പറഞ്ഞു.

ഒരു കഥ വരുമ്പോൾ ലാലിന്റെ മുഖമാണ് ആദ്യം മനസിലേക്ക് വരുന്നത്. ലാലിന് ഏത് കഥാപാത്രവും വഴങ്ങുന്ന രീതിയുള്ളതുകൊണ്ട് പെട്ടെന്ന് ലാലിലോട്ടാണ് ചിന്ത പോകുന്നത്. മമ്മൂട്ടിയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളുണ്ട്. തനിയാവർത്തനത്തിലൊക്കെ മമ്മൂട്ടിയല്ലാതെ വേറൊരാളെ ചിന്തിക്കാൻ കഴിയില്ല.

സമ്മർ ഇൻ ബത്ലഹേമിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ' ആ കഥയ്ക്ക് ഇനി ഒരു തുടർച്ചയില്ല. പറയാനുള്ളതെല്ലാം അവിടെ കഴിഞ്ഞു. ആ പെൺകുട്ടി ആരാണെന്ന് പറയാൻ വേണ്ടി മാത്രമൊരു രണ്ടാം ഭാഗത്തിന് പ്രസക്തിയില്ല. പിന്നെ ആ പശ്ചാത്തലത്തിലൊരു സിനിമ, അടുത്ത ജനറേഷൻ അവിടെ എത്തിപ്പെടുന്നതോ അങ്ങനെയെന്തെങ്കിലുമൊരു കഥ.

തന്റെ കരിയറിലുണ്ടായ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു ദേവദൂതൻ എന്നും അദ്ദേഹം വെളിപ്പെടുത്തി. അന്ന് തീയേറ്ററുകളിലൊന്നും തീരെ എടുത്തില്ല. അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ എടുത്ത ഗ്രാഫിക്കാണെന്ന് അദ്ദേഹം പറഞ്ഞു.