jayarajan

തിരുവനന്തപുരം: കോൺഗ്രസിനേയോ ബിജെപിയെയോ പോലുള്ള പാർട്ടിയല്ല സിപിഎം എന്നും, അടിമുടി സേവനം മാത്രമാണ് കമ്മ്യൂണിസ്‌‌റ്റ് പാർട്ടിയുടെ ലക്ഷ്യമെന്ന് പി. ജയരാജൻ. എന്നാൽ സമൂഹത്തിന്റെ തെറ്റായ പല പ്രവണതകളും പാർട്ടിയിലെ കേഡർമാരിൽ വന്നുചേരും. അതിനെതിരെയുള്ള തെറ്റുതിരുത്തൽ രേഖയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. അതിന്റെ ഭാഗമായി പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ മറ്റുകാര്യങ്ങളൊന്നും ചർച്ച ചെയ‌്തിട്ടില്ലെന്ന് പി ജയരാജൻ വ്യക്തമാക്കി. ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം നടത്തിയെന്ന വാർത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉൾപ്പാർട്ടി സമരം സ്വാഭാവികമായും നടക്കും. സംസ്ഥാനകമ്മിറ്റിക്ക് അകത്ത് ചർച്ച ചെയ‌്തത് മാദ്ധ്യമങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ജയരാജൻ, ഇപിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ നിഷേധിക്കാൻ തയ്യാറായില്ല.

സിപിഎം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജൻ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി. ജയരാജൻ ആരോപിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടന്ന സംസ്ഥാന സമിതിയിലെ ചർച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജൻ ഗുരുതര ആരോപണം ഉന്നയിച്ചത്.

അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയൂർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താൻ ആരോപണം ഉന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജൻ ആരോപിച്ചു.

ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോർട്ടും ആയൂർവേദിക്ക് വില്ലേജും നിർമ്മിച്ചത്. കണ്ണൂർ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജൻ ആരോപിച്ചു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താൻ ആരോപണങ്ങൾ ഉന്നയിച്ചതെന്നും ജയരാജാൻ സംസ്ഥാന കമ്മിറ്റിയിൽ ആവർത്തിച്ചു പറഞ്ഞതായാണ് വിവരം.