charles-sobhraj

കാഠ്മണ്ഡു: തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ജയിൽ മോചിതനായ സീരിയൽ കില്ലർ ചാൾസ് ശോഭരാജ്. ' വലിയ സന്തോഷം തോന്നുന്നു....എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നിരവധി പേർക്കെതിരെ കേസ് കൊടുക്കാനുണ്ട്."- ഫ്രാൻസിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തിൽ വച്ച് ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു ചാൾസ്.

ഒരു സീരിയൽ കില്ലറായി തെറ്റായി വിശേഷിപ്പിക്കപ്പെട്ടതായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ' ഉണ്ട്, ഉണ്ട് " എന്നായിരുന്നു മറുപടി. നേപ്പാളിൽ ശിക്ഷ അനുഭവിച്ച രണ്ട് കേസുകളിലും താൻ നിരപരാധിയായിരുന്നെന്നും ചാൾസ് പറഞ്ഞു. ഇതിന് മുമ്പും താൻ നിരപരാധിയാണെന്ന വാദം ചാൾസ് ആവർത്തിച്ചിട്ടുണ്ട്.


ഇനിയുള്ള തന്റെ ജീവിതം മകൾക്കുവേണ്ടി ചെലവഴിക്കുമെന്നും ചാൾസ് ശോഭരാജ് വ്യക്തമാക്കി. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മുമ്പ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇയാൾ പറഞ്ഞിരുന്നു. 2016ൽ ജയിൽമോചനം ഉറപ്പായ സമയത്തായിരുന്നു അഭിമുഖം നൽകിയത്. താൻ പുറത്തിറങ്ങിയതിന് ശേഷം മാത്രമേ ഇത് പ്രസിദ്ധീകരിക്കാവൂവെന്നും ഇയാൾ നിബന്ധന വച്ചിരുന്നു.


ചാൾസ് ശോഭരാജ് കഴിഞ്ഞ ദിവസമാണ് നേപ്പാളിലെ കാ‌ഠ്‌മണ്ഡു സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ബുധനാഴ്ചയാണ് നേപ്പാൾ സുപ്രീംകോടതി ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 15 ദിവസത്തിനുള്ളിൽ ഫ്രാൻസിലേക്ക് നാടുകടത്തണമെന്ന് കോടതി ഉത്തരവിലുണ്ടായിരുന്നു.

ഫ്രഞ്ച് പൗരനായ ചാൾസിനെ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഇന്നലെ വൈകിട്ട് ആറിന് പുറപ്പെട്ട ദോഹ വഴിയുള്ള ഖത്തർ എയർവേഴ്സ് വിമാനത്തിൽ ഫ്രാൻസിലേക്കയച്ചു. അതീവ സുരക്ഷാവലയത്തിലാണ് ശോഭരാജിനെ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിച്ചത്. നേപ്പാളിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നാണ് വിവരം.

1944ൽ വിയറ്റ്നാമിലെ സൈഗോണിൽ ജനിച്ച ചാൾസിന്റെ അമ്മ വിയറ്റ്നാമിയും അച്ഛൻ ഇന്ത്യക്കാരനുമാണ്. ചെറുപ്പത്തിൽ നേരിട്ട അവഗണനകളാണ് ചാൾസിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് നയിച്ചത്. വിദേശ ടൂറിസ്റ്റുകളായിരുന്നു ചാൾസ് ശോഭരാജിന്റെ ഇരകൾ. 70കളിലും 80 കളിലും ഇന്ത്യ,​ തായ്‌ലൻഡ്,​ നേപ്പാൾ,​ മലേഷ്യ,​ ഫ്രാൻസ്,​ അഫ്ഗാനിസ്ഥാൻ,​ തുർക്കി,​ ഗ്രീസ് എന്നീ രാജ്യങ്ങളിലായി 30ലേറെ പേരെ ശോഭരാജ് കൊന്നെന്നാണ് കരുതുന്നത്. എന്നാൽ 12 കൊലകളേ സ്ഥിരീകരിച്ചിട്ടുള്ളു.