
കൊച്ചുകുട്ടികളെ പഠിക്കാനിരുത്തുക എന്ന് പറഞ്ഞാൽ അത്ര എളുപ്പമുള്ള കാര്യമല്ല. ചില രക്ഷിതാക്കളാകട്ടെ മക്കളെ തല്ലിയാണ് പഠിപ്പിക്കുക. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒന്നു മുതൽ പത്ത് വരെയുള്ള സംഖ്യകൾ എഴുതുന്ന കുട്ടിയും അമ്മയുമാണ് വീഡിയോയിലുള്ളത്.
തെറ്റിയാൽ അമ്മ തല്ലുമോ എന്ന് പേടിച്ച് പേടിച്ചാണ് കുട്ടി എഴുതുന്നത്. ഓരോ തവണ എഴുതിക്കഴിയുമ്പോഴും കുട്ടി പേടിച്ചുകൊണ്ട് അമ്മയെ നോക്കുന്നത് വീഡിയോയിൽ കാണാം. അടിക്കില്ലല്ലോ അല്ലേ എന്ന് ദയനീയമായി ചോദിക്കുന്നുമുണ്ട്. അമ്മയ്ക്ക് മുത്തം നൽകുന്നതും വീഡിയോയിലുണ്ട്.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ചിലർ വീഡിയോയെ വിമർശിച്ചുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ പേടിപ്പിച്ചും തല്ലിയുമല്ല പഠിക്കാനിരുത്തേണ്ടതെന്നും, സ്‌നേഹപൂർവം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയാണ് വേണ്ടതെന്നുമൊക്കെയാണ് കമന്റുകൾ.