basith

തിരുവനന്തപുരം : കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന താരലേലത്തിൽ മൂന്ന് മലയാളി താരങ്ങൾക്കാണ് ഐ.പി.എൽ ടീമുകളിലേക്ക് പ്രവേശനം ലഭിച്ചത്. ഇതിൽ കെ.എം ആസിഫും വിഷ്ണു വിനോദും നേരത്തേ ടീമുകളിൽ കളിച്ച് പരിചയമുള്ളവരാണെങ്കിൽ കൊച്ചി നെട്ടൂർ സ്വദേശി അബ്ദുൽ ബാസിതിനെത്തേടിയെത്തിയത് ആദ്യ അവസരമാണ്. മലയാളി സൂപ്പർ താരം സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസിലേക്കാണ് ബാസിത്തും ആസിഫും എത്തുന്നത്. ആസിഫിന് 30 ലക്ഷം രൂപയുടെയും ബാസിത്തിന് 20 ലക്ഷം രൂപയുടേയും കരാറാണ് ലഭിച്ചിരിക്കുന്നത്.

ഏഴുവർഷത്തിന് മുമ്പ് കേരളത്തിന് വേണ്ടി കളിക്കുകയും പിന്നീട് ഇടവേളയുണ്ടാകുകയും ചെയ്ത ബാസിത്ത് കഠിനപരിശ്രമത്തിലൂടെയാണ് ഈ വർഷം കേരള ടീമിലേക്ക് തിരിച്ചെത്തിയത്. സെയ്ദ് മുഷ്താഖ് ട്രോഫിയിലും വിജയ് ഹസാരേ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഈ 24കാരനെ റോയൽസിലേക്ക് കൂട്ടാൻ സഞ്ജുവിനെ പ്രേരിപ്പിച്ചത്. ഫിനിഷർ റോളിൽ തിളങ്ങുന്ന വലംകയ്യൻ ബാറ്ററും ഓഫ്ബ്രേക്ക് ബൗളറുമാണ് ബാസിത്ത്.

തേവര സെന്റ് മേരീസ് യു.പി.എസിൽ ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ ആ ഗ്രൗണ്ടിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാഡമിയിലെ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട് കളിക്കളത്തിലേക്ക് ആകർഷിക്കപ്പെട്ടതാണ് ബാസിത്ത്. പന്തും ബാറ്റും കയ്യിലെടുത്ത ബാസിത്ത് ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ളബിലേക്കെത്തി. അവിടെ നിന്ന് എറണാകുളം ജില്ലാ അസോസിയേഷന്റെ അക്കാഡമിയിലെത്തി. 2014-15 സീസണിലാണ് അണ്ടർ 16 കേരള ടീമിലെത്തിയത്.എന്നാൽ ആ സീസണിന് ശേഷം സ്റ്റേറ്റ് ടീമിലെത്താനായില്ല. വീണ്ടും കേരളത്തിന്റെ കുപ്പായമണിയാമെന്ന പ്രതീക്ഷയിൽ പരിശീലനവും പ്രാദേശിക മത്സരങ്ങളും തുടർന്നെങ്കിലും അവസരങ്ങളുണ്ടായില്ല. ഇനിയൊരിക്കലും കേരളത്തിനായി കളിക്കാനാവില്ലെന്നും മറ്റ് ജീവിതമാർഗങ്ങൾ നോക്കാമെന്നും പലരും പറഞ്ഞെങ്കിലും ബാസിത്തും പരിശീലകൻ ഉമേഷും അദ്ധ്വാനം തുടർന്നു.

പ്രതിഭകളെ കണ്ടെത്താൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ച രണ്ട് ടൂർണമെന്റുകളാണ് - കെ.സി.എ പ്രസിഡന്റ്സ് കപ്പും ക്ളബ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പും - ബാസിത്തിന് വഴിത്തിരിവായത്.ആലപ്പുഴയിൽ നടന്ന ഈ രണ്ട് ടൂർണമെന്റുകളിലും പ്ളേയർ ഒഫ് ദ ടൂർണമെന്റായത് ബാസിത്തിനെ വീണ്ടും സെലക്ടർമാരുടെ ശ്രദ്ധയിലെത്തിച്ചു. കഴിഞ്ഞ ഒക്ടോബറിൽ

സെയ്ദ് മുഷ്താഖ് ട്രോഫിയിൽ അരുണാചലിനെതിരെ അരങ്ങേറ്റം.നവംബറിൽ ഹരിയാനയ്ക്കെതിരെ വിജയ് ഹസാരേ ട്രോഫിയിലും അരങ്ങേറി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് താരം 64 റൺസും എട്ട് ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 109 റൺസും ഒരു വിക്കറ്റും സ്വന്തമാക്കി. 149.31 എന്ന ട്വന്റി-20 സ്ട്രൈക്ക് റേറ്റാണ് രാജസ്ഥാൻ റോയൽസിനെ ആകർഷിച്ചത്.

തന്റെ മോശം സമയത്തും കൂടെനിന്ന് പരിശീലിപ്പിച്ച ഉമേഷിനാണ് ബാസിത്ത് ഈ നേട്ടത്തിൽ നന്ദിയർപ്പിക്കുന്നത്. തനിക്ക് ബാറ്റിംഗ് പ്രാക്ടീസിനായി ഉമേഷ് എറിഞ്ഞുതന്ന പന്തുകൾക്ക് കയ്യും കണക്കുമില്ലെന്ന് ബാസിത്ത് പറയുന്നു. സഞ്ജുവിന്റെ പിന്തുണയാണ് ഐ.പി.എല്ലിലേക്ക് എത്താൻ വഴിയൊരുക്കിയത്. ''വളരെയധികം പോസിറ്റീവ് എനർജിയുള്ള ആളാണ് സഞ്ജുച്ചേട്ടൻ. കളത്തിലും പുറത്തും അദ്ദേഹത്തെ മാതൃകയാക്കാം.ബാറ്റിംഗ് ടെക്നിക്കിൽ ചേട്ടനിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്."- ബാസിത്തിന്റെ വാക്കുകൾ. മുൻ കേരള താരങ്ങളായ റെയ്ഫി വിൻസന്റ് ഗോമസ്,വി.എ ജഗദീഷ് തുടങ്ങിയവരുടെ ഉപദേശങ്ങളും ബാസിത്തിന് കരുത്ത് പകരുന്നു.

കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ ജീവനക്കാരനായ അബ്ദുൽ റഷീദാണ് ബാസിത്തിന്റെ പിതാവ്. അമ്മ സൽമത്ത്. സഹോദരി ഫാത്തിമ ഷെറിൻ വിവാഹിതയാണ്. ഭർത്താവ് സനീർ.