
കതിരൂർ: ദേശീയ അംഗീകാരം നേടിയ റബ്‌കോ ഫർണിച്ചറുകൾ കുടുംബശ്രീ വഴി ഇനി വീടുകളിലേക്കെത്തും. പഞ്ചായത്ത് സി.ഡി.എസുമായി കൈകോർത്ത് തവണവ്യവസ്ഥയിൽ ഫർണിച്ചർ വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. റബ്‌കോ കുടുംബശ്രീ സംരംഭം ആദ്യഘട്ടത്തിൽ ചെയർമാൻ കാരായി രാജന്റെ സ്വന്തം പഞ്ചായത്തായ കതിരൂരിലാണ് നടപ്പാക്കുക. തുടർന്ന് കണ്ണൂർ ജില്ലയാകെ വ്യാപിപ്പിക്കും.
മാസം അഞ്ഞൂറ് രൂപ പ്രകാരം 30 മാസം തുക അടച്ചാൽ 18,000 രൂപയുടെ റബ്‌കോ ഫർണിച്ചർ ലഭിക്കും. പദ്ധതിയിൽ അംഗമായി ചേരുന്നവർക്ക് നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്.
പഞ്ചായത്ത് സി.ഡി.എസിന് കീഴിൽ നൂറ് അംഗങ്ങളുള്ള യൂണിറ്റായാണ് ഫർണിച്ചർ വായ്പ പദ്ധതി നടപ്പാക്കുന്നത്. നൂറ് അംഗങ്ങളുള്ള എത്ര യൂണിറ്റും പഞ്ചായത്തുകളിൽ രൂപീകരിക്കാം. നറുക്കെടുപ്പിലൂടെ ഓരോയൂണിറ്റിലും 20 പേർക്ക് 200 രൂപയുടെ റബ്‌കോ ഉത്പന്നങ്ങൾ എല്ലാമാസവും നൽകും. ആറാംമാസം സ്‌പെഷ്യൽ നറുക്കെടുപ്പിലൂടെ റബ്‌കോ സഫയർ കിടക്കയും പന്ത്രണ്ടാംമാസം റബ്കോ റോക്കർ ചെയറും ഓരോ ആൾക്ക് ലഭിക്കും. 18ാം മാസം മെഗാ നറുക്കെടുപ്പിൽ റബ്‌കോ ദിവാൻകോട്ടും ബംബർ സമ്മാനമായി ഒരുപവൻ സ്വർണ്ണനാണയവുമുണ്ട്.
ഫർണിച്ചർ വായ്പ പദ്ധതി അംഗങ്ങളിൽനിന്ന് മാസം തുക ശേഖരിക്കാനും റബ്‌കോ അക്കൗണ്ടിൽ അടയ്ക്കാനുമുള്ള ചുമതല സി.ഡി.എസ് ചെയർപേഴ്സണാണ്. എല്ലാമാസവും 15ന് സി.ഡി.എസ് ആസ്ഥാനത്ത് പ്രോത്സാഹന സമ്മാനത്തിനായി നറുക്കെടുപ്പ് നടത്തും.
വിപണിയെ ജനകീയമാക്കുന്നു
റബ്‌കോ ഫർണിച്ചർ വായ്പ പദ്ധതിയിൽ കതിരൂർ സഹകരണ ബാങ്കിന്റെ മാതൃകയാണ് റബ്‌കോ കുടുംബശ്രീ സംരംഭത്തിനും പ്രചോദനമായത്. റബ്‌കോ ഫർണിച്ചർ ഇൻസ്റ്റാൾമെന്റ് സ്‌കീമിന് മികച്ച പ്രതികരണമാണ് കതിരൂരിലുണ്ടായത്. ബാങ്കിലെ ബിൽ കളക്ടർമാർ മുഖേനയാണ് തവണസംഖ്യ ശേഖരിച്ചത്. വിപണി വിപുലപ്പെടുത്തി ഉത്പാദനം വർദ്ധിപ്പിക്കാനാണ് റബ്‌കോയുടെ ലക്ഷ്യം.