
തിരുവനന്തപുരം: വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഡി വെെ എഫ് ഐ നേതാവിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ എസ് എഫ് ഐ നേതാക്കൾക്കെതിരെയും നടപടി. മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, പ്രസിഡന്റ് ജോബിൻ ജോസ് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി.
സസ്പെൻഷൻ ലഭിച്ച ഡി വെെ എഫ് ഐ നേതാവ് ജെ ജെ അഭിജിത്തിനെ വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്‌ത്തിയിരുന്നു. അതേസമയം എസ് എഫ് ഐ ജില്ലാ സെക്രട്ടറിയാവാൻ അഭിജിത്ത് പ്രായം കുറച്ചുകാട്ടിയെന്ന ആരോപണവും ഉയർന്നിരുന്നു. പ്രായം കുറച്ച് കാണിച്ചത് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിട്ടാണെന്ന് പറയുന്ന അഭിജിത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാൽ ആനാവൂർ ഇത് നിഷേധിച്ചു. നേരത്തെ ലഹരിവിരുദ്ധ ക്യാമ്പയ്നിൽ പങ്കെടുത്ത ശേഷം ബാറിലെത്തി മദ്യപിച്ചെന്ന് കാണിച്ച് അഭിജിത്തിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു.