
ന്യൂഡൽഹി: എ.ഐ.സി.സി മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ചെങ്കോട്ടയിൽ നടന്ന സമ്മേളനത്തിലാണ് കമൽ ഹാസൻ പങ്കെടുത്തത്. മൂന്നരകിലോ മീറ്റർ ദൂരം രാഹുലിനൊപ്പം ജോഡോ യാത്രയിൽ കമൽഹാസൻ പങ്കെടുത്തു. രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് പരിപാടിയിൽ പങ്കെടുത്തത് എന്ന് താരം പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയാമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ് നാട്ടിൽ കോൺഗ്രസ് - ഡി.എം.കെ സഖ്യത്തിൽ ചേരാൻ കമലഹാസൻ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് രാഹുലിനൊപ്പം ജോഡോ യാത്രയിൽ പങ്കെടുത്തത്. സോണിയാ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് രാവിലെ യാത്രയിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ജയ്‌റാം റമേശ്, പവൻ ഖേര, ഭൂപീന്ദർ സിംഗ് ഹൂഡ, രൺദീപ് സുർജേവാല തുടങ്ങിയ നേതാക്കളും യാത്രയിൽ അണിചേർന്നു.
രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിൽ യാത്ര നിറുത്തിവയ്ക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡിന്റെ പേരുപറഞ്ഞ് യാത്രയെ തകർക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നാണ് കോൺഗ്രസിന്റെ ആരോപണം.