
തിരുവനന്തപുരം: പൊതുസമൂഹത്തിലെ ജീർണതകൾ പാർട്ടിയിലേയ്ക്ക് കടന്നുവരാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. സമൂഹത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർ മികവാർന്ന വ്യക്തിത്വവും ഉന്നതായ മൂല്യബോധവും സ്വീകാര്യത്യയും കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ വാർത്ത തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടായി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയായ വിഷയങ്ങളെക്കുറിച്ച് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയതാണെന്നും ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുന്നതിനെക്കുറിച്ച് ചർച്ച ആയതായും സിപിഎം പിബി അംഗം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നത് നിരന്തരമായ പരിശോധനാ സംവിധാനമാണ്. തെറ്റുതിരുത്തൽ പ്രവർത്തകർക്കുള്ള ജാഗ്രതപ്പെടുത്തലാണ്. തെറ്റായ പ്രവണത തിരുത്താനുള്ള പ്രക്രിയ എല്ലാക്കാലത്തും പാർട്ടിയ്ക്കുള്ളതായും ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിലെത്തുമ്പോൾ അത് വർദ്ധിക്കുമെന്നും അദ്ദേഹം തുടർന്നു. ഉയർന്ന കമ്മിറ്റികളിൽ കൃത്യമായ പരിശോധന ഉള്ളതായും അതാണ് പാർട്ടിയുടെ രീതിയെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
അതേ സമയം തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതൃത്വത്തിനെതിരെ സംസ്ഥാനകമ്മിറ്റി ശക്തമായ ശക്തമായ വിമർശനമുന്നയിച്ചതിന് പിന്നാലെയുണ്ടായ അച്ചടക്ക നടപടികൾ എസ്എഫ്ഐയിലേയ്ക്കും വ്യാപിച്ചു. മദ്യപിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, പ്രസിഡന്റ് ജോബിൻ ജോസ് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി. വനിതാ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഡി വെെ എഫ് ഐ നേതാവിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് എസ് എഫ് ഐ നേതാക്കൾക്കെതിരെയും നടപടി.
സസ്പെൻഷൻ ലഭിച്ച ഡി വെെ എഫ് ഐ നേതാവ് ജെ ജെ അഭിജിത്തിനെ വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ ബ്രാഞ്ച് കമ്മിറ്റിയിലേയ്ക്ക് തരംതാഴ്‌ത്തിയിരുന്നു. അതേസമയം എസ് എഫ് ഐ ജില്ലാ സെക്രട്ടറിയാവാൻ അഭിജിത്ത് പ്രായം കുറച്ചുകാട്ടിയെന്ന ആരോപണവും ഉയർന്നിരുന്നു. പ്രായം കുറച്ച് കാണിച്ചത് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞിട്ടാണെന്ന് പറയുന്ന അഭിജിത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. എന്നാൽ ആനാവൂർ ഇത് നിഷേധിച്ചു.