
ലണ്ടൻ: ബ്രിട്ടനിൽ നിന്നുള്ള വിമാനത്തിന്റെ വീൽബേയിൽ നിന്ന് അഞ്ജാത മൃതദേഹം ലഭിച്ചു. ഗാംബിയയിൽ നിന്നും ബ്രിട്ടണിലേയ്ക്ക് തിരിച്ച ടി.യു.വൈ എയർവേസിന്റെ വിമാനത്തിൽ നിന്നുമാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
വിമാനത്തിന്റെ വീൽബേയ്ക്കുള്ളിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയതെന്നും മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും സസെക്സ് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചതായി ഗാംബിയൻ സർക്കാർ സ്ഥിരീകരണം നടത്തി. ഡിസംബർ അഞ്ചിന് നടന്ന സംഭവത്തെക്കുറിച്ച് ഗാംബിയൻ സർക്കാരിനെ ഈ ആഴ്ചയിലാണ് യുകെ അധികൃതർ ഔദ്യോഗികമായി വിവരം ധരിപ്പിച്ചത്.
മരിച്ചയാളിൽ നിന്നും തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ലഭിക്കാത്തതിനാൽ ഗാംബിയൻ പൗരൻ തന്നെയാണോ അതോ ഗാംബിയ വഴി മറ്റെവിടേക്കെങ്കിലും കടക്കാൻ ശ്രമിക്കുകയായിരുന്നോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. മരിച്ചയാളുടെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.മരണപ്പെട്ടയാളുടെ തിരിച്ചറിയൽ നടപടി ഗാംബിയൻ സർക്കാരിന്റെയും യുകെ പൊലീസ് അധികൃതരുടെയും സഹകരണത്തിൽ പുരോഗമിച്ച് വരികയാണ്.