
സുവ : സിറ്റിവീനി റബുക തെക്കൻ പസഫിക് ദ്വീപ് രാജ്യമായ ഫിജിയുടെ പുതിയ പ്രധാനമന്ത്രിയായി ഇന്നലെ ചുമതലയേറ്റു. കഴിഞ്ഞയാഴ്ച രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ മറ്റ് രണ്ട് പാർട്ടികളുമായി ചേർന്ന് സഖ്യം രൂപീകരിച്ചാണ് 16 വർഷമായി പ്രധാനമന്ത്രിയായി തുടർന്ന ഫ്രാങ്ക് ബെയിനിമറാമയെ പുറത്താക്കി പീപ്പിൾസ് അലയൻസ് പാർട്ടി നേതാവായ റബുക അധികാരത്തിലെത്തിയത്. മുൻ മിലിട്ടറി കമാൻഡർ കൂടിയാണ് 74കാരനായ റബുക. ' റാംബോ " എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 1992 - 1999 കാലയളവിലും അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ രഹസ്യ ബാലറ്റിൽ 28 വോട്ടുകൾ നേടിയതോടെയാണ് റബുകയെ സ്പീക്കർ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. എതിരാളിയായ ഫ്രാങ്ക് ബെയിനിമറാമയ്ക്ക് 27 വോട്ടുകൾ ലഭിച്ചു.