
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. എസ്,എഫ്,ഐ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ. അഭിജിത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.
പ്രായ പരിധി തീരുമാനം എസ്എഫ്‌ഐയിൽ നടപ്പാക്കിയപ്പോൾ പ്രായം കുറച്ച് കാണിക്കാൻ ഉപദേശിച്ചത് ആനാവൂർ നാഗപ്പനാണ് എന്നാണ് അഭിജിത്ത് വെളിപ്പെടുത്തിയത്. പല പ്രായത്തിലുള്ള സർട്ടിഫിക്കറ്റുകൾ കയ്യിലുണ്ടെന്നും അഭിജിത്തിന്റെ ശബ്ദരേഖയിൽ വെളിപ്പെടുത്തലുണ്ട്. ആര് ചോദിച്ചാലും 26 വയസായെന്ന് പറയാൻ ആനാവൂർ ഉപദേശിച്ചതായും അഭിജിത്ത് ആരോപിച്ചു. അതേസമയം, അഭിജിത്തിന്റെ ആരോപണം ആനാവൂർ നാഗപ്പൻ നിഷേധിച്ചു.
ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം ബാറിൽ കയറി മദ്യപിച്ച അഭിജിത്ത് അടക്കമുള്ള നേതാക്കളെ ഡി,വൈ.എഫ്.ഐ അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു, വനിതാപ്രവർത്തകയോടുള്ള മോശം പെരുമാറ്റത്തിനും അഭിജിത്തിനെതിരെ നടപടിയെടുത്തിരുന്നു, ഇതിന് പിന്നാലെയാണ് അഭിജിത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്.