kerala-cm

തിരുവനന്തപുരം: കേരളീയർക്ക് ക്രിസ്മസ് ആശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിൽ യേശു ക്രിസ്തുവിന്റെ മനുഷ്യസ്നേഹം പ്രചോദനമായി മാറട്ടെ എന്ന് അദ്ദേഹം ആശംസാ സന്ദേശത്തിലൂടെ അറിയിച്ചു.

"സാഹോദര്യത്തിന്‍റേയും സ്നേഹത്തിന്‍റേയും സമത്വത്തിന്‍റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. തന്‍റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കുവെച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു"- മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം സംസ്ഥാനം ക്രിസ്മസ് ആഘോഷത്തിലേയ്ക്കടുക്കുമ്പോൾ സിപിഎമ്മിനെ വെട്ടിലാക്കിയ പി ജയരാജന്റെ ആരോപണം ഇ പി ജയരാജൻ നിഷേധിച്ചു. ആരോപണം ഉന്നയിച്ച മൊറാഴയിലെ വിവാദ ആയുർവേദ റിസോർട്ടുമായി ബന്ധമില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ,പി. ജയരാജൻ പറഞ്ഞു. തലശേരിയിലുള്ള കെ.പി. രമേഷ്കുമാറിന്റേതാണ് റിസോർട്ടെന്ന് ഇ.പി. ജയരാജൻ പാർട്ടിക്ക് വിശദീകരണം നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിശദീകരണത്തിന് ഇ.പി. ജയരാജൻ തയ്യാറായില്ല.