
തൃശൂർ: ഒറ്റരാത്രി കൊണ്ട് രണ്ട് യുവാക്കളുടെ അക്കൗണ്ടിലേക്ക് എത്തിയത് 2.44 കോടി രൂപ. ബാങ്കിന്റെ അബദ്ധം കൊണ്ട് മാറി വന്ന തുക അവരെ അറിയിക്കാതെ ചെലവഴിച്ച യുവാക്കളെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഐ ഫോണുകൾ വാങ്ങിയും ലോൺ അടച്ചു തീർത്തും ഓഹരിവിപണിയിലും ഓൺലൈൻ ട്രേഡിംഗ് നടത്തിയുമാണ് യുവാക്കൾ പണം ചെലവഴിച്ചത്. അമളി പറ്റിയ വിവരം ബാങ്ക് മനസിലാക്കിയപ്പോഴേക്കും യുവാക്കൾ പണം മുഴുവൻ ചെലവിട്ടു കഴിഞ്ഞിരുന്നു.
ഡിസംബർ 18, 19 തീയതികളിലായിരുന്നു സംഭവം. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരെയാണ് അറസ്റ്റ് ചെ.യ്തത്.. ഒന്നരമാസം മുമ്പാണ് യുവാക്കൾ ഓൺലൈൻ ട്രേഡിംഗിനായി ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചത്. മറ്റൊരു ബാങ്കുമായുള്ള ലയന നടപടികളുടെ ഭാഗമായി സർവർ മെർജിംംഗ് നടക്കുന്ന സമയത്ത് യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 2.44 കോടി രൂപ എത്തുകയായിരുന്നു. അത്യപൂർവ്വമായി ഇങ്ങനെ സംഭവിക്കാറുണ്ടെങ്കിലും മിക്കവാറും പേർ ഇക്കാര്യം ബാങ്കിനെ അറിയിക്കുകയാണ് പതിവ്. എന്നാൽ ഇവർ പണം ആദ്യം തങ്ങളുടെ വ്യക്തിഗത ലോണുകൾ അടച്ചുതീർക്കാൻ ഉപയോഗിച്ചു. അതിന് ശേഷം ആപ്പിൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള നാലെണ്ണം വാങ്ങി. ഓഹരിവിപണിയിലും ഓൺലൈൻ ട്രേഡിംഗിലുമായി ലക്ഷക്കണക്കിന് രൂപ വീതം നിക്ഷേപിച്ചു.
കൂടാതെ ഓൺലൈനായി പുതിയ ബാങ്കുകളിൽ അക്കൗണ്ട് തുറന്ന് അതിലേക്ക് പണം മാറ്റി. ആകെ 19 ബാങ്കുകളിലായി 54 വിവിധ അക്കൗണ്ടുകളിലേക്ക് ഇങ്ങനെ പണം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈനായി 171 ഇടപാടുകളും നടത്തി.
ബാങ്ക് മാനേജരുടെ പരാതിയിൽ തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർക്കെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെന്ന് പൊലീസ് പറഞ്ഞു.