
മൂന്നാർ: ഇടുക്കിയിൽ ആംബുലൻസിനുള്ളിൽ വെച്ച് യുവതികൾക്കെതിരെ പീഡനശ്രമം നടത്തിയ ഡ്രൈവർ പിടിയിൽ. ചെറുതോണി സ്വദേശി കഥകളിക്കുന്നേൽ കുട്ടപ്പൻ എന്ന് വിളിക്കുന്ന ലിസൺ ആണ് പിടിയിലായത്. ചെറുതോണിയിലെ സ്വകാര്യ ലാബിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അയാൾ ഇതേ ലാബിലെ തന്നെ ജീവനക്കാരികളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
ലാബിലെ ക്രിസ്മസ് ആഘോഷത്തിന് ശേഷം യുവതികളെ വീടുകളിലെത്തിക്കാൻ ലിസനെ ആണ് നിയോഗിച്ചിരുന്നത്. സംഭവസമയത്ത് മദ്യപിച്ചിരുന്ന ഇയാൾ തടിയമ്പാടിന് സമീപം വെച്ച് യുവതികളിലൊരാളെ വാഹനത്തിനുള്ളിൽ വെച്ച് കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാൾ യുവതികളെ അനുനയിപ്പിക്കാനും ശ്രമിച്ചു. എന്നാൽ യുവതികളിലൊരാൾ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് ചുരുളി ഭാഗത്ത് എത്താൻ ആവശ്യപ്പെടുകയും തുടർന്ന് സുഹൃത്തുമായി അവിടെ ഇറങ്ങുകയുമായിരുന്നു.
സംഭവത്തിന് ശേഷം ഭയചകിതരായ യുവതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇടുക്കി പൊലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തുകയും തുടർന്ന് ലിസന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് കുറ്റം ചുമത്തിയ പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു..