mecca


റിയാദ്: കനത്ത മഴ തുട‌ർന്നുണ്ടായ വെള്ളക്കെട്ട് മൂലം മക്കയില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് സൗദിയിലെ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കനത്ത മഴയെ തുടര്‍ന്നുള്ള നാശനഷ്ടങ്ങളില്‍പ്പെട്ട് മരണങ്ങളോ പരിക്കുകളോ ഇത് വരെ രേഖപ്പെടുത്തിയിട്ടില്ല . അതിശക്തമായ മഴയെ തുടര്‍ന്ന് മക്കയിലെ കെട്ടിടങ്ങളില്‍ വെള്ളം കയറുന്നതിന്റെയും വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അത്യാവശ്യങ്ങള്‍ക്കല്ലാതെ താമസക്കാര്‍ വീടിന് പുറത്തിറങ്ങരുതെന്ന് മക്ക മേഖലയിലെ ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെന്റര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷ ഉറപ്പാക്കാന്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലേക്ക് ആളുകള്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആഘാതങ്ങള്‍ വിലയിരുത്താന്‍ രാജ്യത്ത് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. മക്കയില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടമുണ്ടായവരില്‍ നിന്ന് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകള്‍ കമ്മിറ്റികള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.