agri

ആമ്പല്ലൂർ: അളഗപ്പ നഗർ പഞ്ചായത്തിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ നടത്തിയ കുറന്തോട്ടി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് മറ്റത്തുർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്. പതിനഞ്ചോളം കർഷകർ ചേർന്ന് എട്ട് എക്കർ സ്ഥലത്ത് കൃഷി ഇറക്കി. നടീലിന് തൈകൾ ലേബർ കോ-ഓപ്പറേറ്റിവ് സൊസൈറ്റി നൽകി. വിളവെടുത്ത കുറന്തോട്ടി കിലോവിന് 75 രൂപ നിരക്കിൽ സൊസൈറ്റി തിരിച്ചെടുക്കും. സൗമ്യ ബിജുവിന്റെ കൃഷി ഇടത്തിൽ നടന്ന വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലയ്ക്കൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജിജോ ജോൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം പ്രിൻസ് അരിപാലത്തുകാരൻ, കൃഷി ഓഫിസർ എൻ.ഐ. റോഷ്‌നി, കുടുംബശ്രീ ചെയർപേഴ്‌സൺ ഗിരിജ പ്രേംകുമാർ, സൗമ്യ ബിജു, തുടങ്ങിയവർ പങ്കെടുത്തു.