
കാസർകോട് : പാർട്ടിക്കുള്ളിൽ ഇ പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പരോക്ഷ സൂചന നൽകി പി ജയരാജൻ. കാസർകോട് കാഞ്ഞങ്ങാട് നടന്ന പൊതുയോഗത്തിലാണ് പി ജയരാജൻ നിലപാട് വ്യക്തമാക്കിയത്. നാടിന്റെയും പാർട്ടിയുടെയും കീഴ്വഴക്കങ്ങൾ നേതാക്കൾ പാലിക്കണമെന്നും വ്യതിചലനമുണ്ടായാൽ ചൂണ്ടിക്കാട്ടുകയും തിരുത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തിയില്ലെങ്കിൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. പാർട്ടിക്കുള്ളിലെ ചർച്ചകളെ കുറിച്ചും അദ്ദേഹം പൊതുയോഗത്തിൽ വിശദീകരിച്ചു. ഇത്തരം ചർച്ചകൾ നടന്നാൽ അതിൽ പാർട്ടി തകരുകയല്ല പകരം ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ
ശുദ്ധമായ പ്രസ്ഥാനമായി മാറുകയാണ് ചെയ്യുക. ചർച്ചകൾ പാർട്ടിയെ ശക്തമാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
സി പി എം എന്ന പാർട്ടി കോൺഗ്രസിനെയോ ബി ജെ പിയോ മുസ്ലിംലീഗിനെയോ പോലെയല്ല, പാർട്ടിയിലേക്ക് കടന്നു
വരുന്ന ഓരോ അംഗവും ഒപ്പിട്ട് നൽകുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തിതാത്പര്യം പാർട്ടിയുടേയും സമൂഹത്തിന്റേയും താത്പര്യങ്ങൾക്ക് കീഴ്‌പ്പെടുത്തണമെന്നതാണ്. അത് കൃത്യമായി നടപ്പാക്കും. സമൂഹത്തിൽ ഒട്ടേറെ ജീർണതയുണ്ടെന്നും അത് സിപിഎമ്മിലെ ഒരു പ്രവർത്തകനെ ബാധിക്കുമ്പോൾ സ്വാഭാവികമായി അത് പാർട്ടി ചർച്ച ചെയ്യുമെന്നും പൊതുയോഗത്തിൽ പി ജയരാജൻ പറഞ്ഞു. വ്യതിചലിക്കുന്നവരോട് തിരുത്താൻ ആവശ്യപ്പെടും, തിരുത്തിയില്ലെങ്കിൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്നുമാണ് കിറുകൃത്യമായി തന്റെ നിലപാട് പി ജയരാജൻ വെളിപ്പെടുത്തിയത്.
സി പി എം സംസ്ഥാന സമിതിയിൽ കണ്ണൂരിലെ മുതിർന്ന നേതാവും എൽഡിഎഫ് കൺവീനർ കൂടിയായ ഇ പി ജയരാജനെതിരെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണം പി ജയരാജൻ ഉയർത്തിയ പശ്ചാത്തലത്തിലാണ് ഇന്നത്തെ അദ്ദേഹത്തിന്റെ വിശദീകരണം എന്നത് ഏറെ ശ്രദ്ധേയമാണ്. മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ തള്ളാതെ കാര്യങ്ങൾ വിശദീകരിക്കാനാണ് അദ്ദേഹം ഇന്ന് ശ്രദ്ധിച്ചത്.