jayarajan

തിരുവനന്തപുരം: എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ സന്നദ്ധത അറിയിച്ചതായി സൂചന. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചതെന്ന് ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

സാമ്പത്തിക ആരോപണത്തെ തുടർന്നാണ് ഇ പിയുടെ നിലപാടെന്നും പറയപ്പെടുന്നു. അതേസമയം, ഇ പിക്കെതിരായ സാമ്പത്തിക ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റിൽ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് വിവരം. അന്നേ ദിവസം കോഴിക്കോട് നടക്കുന്ന ഐ എൻ എൽ പരിപാടിയിൽ പങ്കെടുക്കും

കണ്ണൂരിലെ വൈദേഹം ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉയർന്നത്. ഇ പിയുടെ ഭാര്യ നേരത്തെ ഈ റിസോർട്ടിന്റെ ഡയറക്ടറായിരുന്നു. നിലവിൽ മകൻ ഡയറക്ടറാണ്. ഏറ്റവും ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സി പി എം നേതാവ് പി ജയരാജൻ പറഞ്ഞിരുന്നു.

വിവാദ ആയുർവേദ റിസോർട്ടുമായി ബന്ധമില്ലെന്ന് ഇ പി ജയരാജൻ നേരത്തെ പ്രതികരിച്ചിരുന്നു. തലശേരിയിലുള്ള കെ പി രമേഷ്കുമാറിന്റേതാണ് റിസോർട്ടെന്നും അദ്ദേഹം പാർട്ടിക്ക് വിശദീകരണം നൽകിയിരുന്നു.