
പട്ന: ഭൂമിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അഞ്ച് സ്ത്രീകൾക്ക് വെടിയേറ്റു. ബിഹാറിലെ ബേട്ടിയ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തിലെ ഭൂമി പ്രശ്നത്തിൽ പ്രതിഷേധിച്ചതിനാണ് സ്ത്രീകൾക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭൂരഹിതരായ തൊഴിലാളികളെ സഹായിക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി 1985ൽ തങ്ങൾക്ക് ലഭിച്ച ഭൂമിയാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാൽ കുടിയിറക്കപ്പെട്ടവർ ഇതിനെതിരെ രംഗത്തെത്തിയതോടെ സംഭവം കോടതിയിലെത്തി. തുടർന്ന് 2004 മുതൽ സ്ഥലത്തെ ക്രയവിക്രയം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്ഥലത്തിന്റെ മുൻ ഉടമ ശിശിർ ദുബെ ട്രാക്ടറുമായി എത്തി നിലം ഉഴുതുമറിക്കാൻ ആരംഭിച്ചതാണ് നിലവിലെ പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാൻ മുതിർന്ന സ്ത്രീകൾക്ക് നേരെ ഇയാൾ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. പിന്നാലെ പൊലീസെത്തി പ്രതികളെ പിടികൂടി.
സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംഭവം വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബേട്ടിയ എസ് പി ഉപേന്ദ്രനാഥ് വർമ്മ പറഞ്ഞു.