
ന്യൂഡൽഹി: ചൈനയിൽ നിന്നെത്തിയ നാൽപ്പതുകാരന് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ചൈനയിൽ നിന്നെത്തിയ ആഗ്ര സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ കഴിയുകയാണ്. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് വിവരം.
നാൽപ്പതുകാരന് ബാധിച്ചത് ഏത് കൊവിഡ് വകഭേദമാണെന്ന് കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാളുമായി സമ്പർക്കത്തിൽ വന്നവരും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ടെന്നാണ് സൂചന.
'ആഗ്രയിലെ ഒരു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് നാൽപ്പതുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. ചൈനയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് ആഗ്രയിൽ എത്തിയത്. '- ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.