keeda-jadi

ന്യൂഡൽഹി: ചൈനീസ് സൈന്യം അരുണാചൽ പ്രദേശിലെ അതിർത്തിയിൽ നുഴഞ്ഞുകയറുന്നതിനുള്ള കാരണവുമായി ഇൻഡോ-പസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ (ഐ പി സി എസ്‌ സി)രംഗത്തെത്തി. അപൂർവ ഹിമാലയൻ ഔഷധമായ 'കീഡ ജഡി' (കോർഡിസെപ്‌സ്) ശേഖരിക്കുന്നതിനാണ് ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതെന്നാണ് ഐ പി സി എസ്‌ സി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചൈനയിൽ ഏറെ ആവശ്യക്കാരുള്ളതും എന്നാൽ വൻ വിലയുള്ളതുമായി ഒരു ഔഷധമാണ് കോർഡിസെപ്സ്. കാറ്റർപില്ലർ ഫംഗസ് അല്ലെങ്കിൽ ഹിമാലയൻ സ്വർണ്ണം എന്നും ഇത് അറിയപ്പെടുന്നു,

കോർഡിസെപ്സ് സാധാരണയായി തെക്കുപടിഞ്ഞാറൻ ചൈനയിലെയും ഇന്ത്യൻ ഹിമാലയത്തിലെയും പീഠഭൂമിയുടെ ഉയർന്ന പ്രദേശത്തുമാണ് കാണപ്പെടുന്നത്. ചൈനയിലും നേപ്പാളിലും 'യാർസഗുംബ' എന്നും ഇന്ത്യയിൽ 'കീഡ ജഡി' എന്നും അറിയപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇതിന് കിലോയ്ക്ക് ഏകദേശം ഇരുപത് ലക്ഷം രൂപയാണ് വില. ചൈനയാണ് ഏറ്റവും വലിയ കയറ്റുമതിക്കാരും ഉത്പാദകരും. എന്നാൽ കഴിഞ്ഞ കുറച്ചുനാളുകളായി കോർഡിസെപ്സിസിന്റെ വിളവെടുപ്പ് ചൈനയിൽ കുറഞ്ഞു. എന്നാൽ ഇന്ത്യൻ ഭാഗത്ത് ഇവയുടെ ഉത്പാദനം കുറഞ്ഞില്ല. ഇതാണ് നുഴഞ്ഞുകയറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

വിലയേറിയതെന്നുമാത്രമല്ല അത്യപൂർവ ഔഷധവും

ലോകത്തിലെ ഏറ്റവും വിലയേറിയ ഫംഗസാണ് കോർഡിസെപ്സ് എന്ന കീഡ ജഡി. മനുഷ്യന്റെ ലൈംഗിക സംതൃപ്തിക്കുവേണ്ടിയും ഉപയോഗിക്കാറുണ്ട്. ഈ ഗുണം നിമിത്തം ഹിമാലയൻ വയാഗ്ര എന്നും വിളിപ്പേരുണ്ട്. മനുഷ്യനിലെ ആസക്തികളെ ആളിക്കത്തിക്കുന്ന പ്രത്യേക മരുന്ന് തയ്യാറാക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. അതിനാൽതന്നെ വംശനാശത്തിന്റെ വക്കിലാണ്. ടിബറ്റൻ പീഠഭൂമിയിലാണ് ഇത് പ്രധാനമായും കാണുന്നത്. വംശനാശ ഭീഷണിയും വിലക്കൂടുതലും കൊണ്ട് പ്രത്യേക പാസുള്ളവർക്ക് മാത്രമേ ഇത് ശേഖരിക്കാൻ അനുവാദമുള്ളൂ.

ലൈംഗിക ഉത്തേജനത്തിനൊപ്പം കരളിനും ശ്വാസകോശരോഗങ്ങൾക്കും ഉത്തമമാണ് ഇവയെന്നും വിശ്വസിക്കുന്നുണ്ട്. ക്ഷീണം ഇല്ലാതാക്കാനും കാൻസർ ഭേദമാകാനും അത്യുത്തമമാണെന്നും കരുതുന്നുണ്ട്. മരുന്നിൽ ഉപയോഗിക്കുക മാത്രമല്ല, ചായയിലും സൂപ്പിലുമെല്ലാം ഈ ഫംഗസിട്ട് തിളപ്പിച്ച് കഴിക്കുന്നവരുമുണ്ട്.

1990കൾ മുതലാണ് ഇവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് വൻതോതിൽ ശേഖരിക്കാൻ തുടങ്ങിയത്. ഗോസ്റ്റ് മോത്ത് എന്നറിയപ്പെടുന്ന നിശാശലഭങ്ങളുടെ ലാർവയുടെ ശരീരത്തിനകത്താണ് ഇവ വളരുന്നത്. ഈ പുഴുക്കളുടെ ശരീരത്തിലെ 99 ശതമാനം പോഷകവും ഉപയോഗിച്ചാണ് ഇവയുടെ വളർച്ച. വളർന്നു വലുതാകുമ്പോൾ ഈ പുഴുക്കളുടെ തല തകർത്ത് ഇവ പുറത്തേക്കു വരും. ഫ്രീസിംഗ് പോയിന്റിന് തൊട്ടുതാഴെ തണുപ്പുള്ള കാലാവസ്ഥയിൽ മാത്രമാണ് ഈ ഫംഗസുകൾ വളരുക. എന്നാൽ മഞ്ഞുവീഴ്ചയുണ്ടായാൽ അതിനെ അതിജീവിക്കാനും ഇവയ്ക്കാവില്ല. മേയ്-ജൂലായ് മാസങ്ങളിലാണ് ഫംഗസുകൾ കൂടുതലായി കാണപ്പെടുന്നത്.