bulldozer

ഭോപ്പാൽ: വിവാഹാഭ്യർത്ഥന നിരസിച്ച പത്തൊൻപതുകാരിയെ ക്രൂരമായി മർദിച്ച യുവാവിന്റെ വീട് ബുൾഡോസർ കൊണ്ട് തകർത്തു. മദ്ധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഇരുപത്തിനാലുകാരനായ പങ്കജ് തൃപതിയുടെ വീടാണ് തകർത്തത്. ഇയാൾ പത്തൊൻപതുകാരിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവതിയുടെ മുടിയിൽ പിടിച്ചുവലിക്കുന്നതിന്റെയും, നിലത്ത് തള്ളിയിട്ട് മുഖത്തും ശരീരമാസകലവും ചവിട്ടിപ്പരിക്കേൽപ്പിക്കുന്നതുമൊക്കെ വീഡിയോയിലുണ്ടായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച രാത്രി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുകയായിരുന്നു. വൻ പൊലീസ് സന്നാഹത്തോടെയാണ് അധികൃതർ വീട് പൊളിക്കാനായി എത്തിയത്.

ഡ്രൈവറായ പങ്കജ് തൃപതിയുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. യുവാവിന്റെ വീട് തകർക്കുന്ന ദൃശ്യം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. മദ്ധ്യപ്രദേശ് മണ്ണിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

रीवा जिले के मऊगंज क्षेत्र में युवती के साथ हुई बर्बरता की घटना में अपराधी पंकज त्रिपाठी को गिरफ्तार कर उसके घर पर बुलडोजर चलाया गया। ड्राइवर पंकज का लाइसेंस भी कैंसल कर दिया गया है।

मध्यप्रदेश की धरती पर महिलाओं पर अत्याचार करने वाला कोई बख्शा नहीं जायेगा। pic.twitter.com/Z4gHr2lWsk

— Office of Shivraj (@OfficeofSSC) December 25, 2022