p-jayarajan

കണ്ണൂർ: സിപിഎമ്മിൽ ആഭ്യന്തര സംഘർഷം കനക്കുന്നു. ജയരാജന്മാർ തമ്മിലുള്ള പോര് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതത്തിന്റെ അവസ്ഥയിലാണ്. വയനാട്ടിലെ റിസോർട്ട് ബന്ധത്തിന്റെ പേരിൽ ഇപിക്കെതിരെ ആരോപണവുമായി എത്തിയ പി ജയരാജന് പാർട്ടിയിൽ നിന്ന് കടുത്ത വെല്ലുവിളി ഉയരുമെന്നതിൽ സംശയമില്ല. അതിന് ഉദാഹരണമെന്നോണം പി ജയരാജന്റെ ക്വട്ടേഷൻ-ഗുണ്ടാബന്ധങ്ങൾ അന്വേഷിക്കണമെന്ന തരത്തിലുള്ള പരാതികൾ വ്യാപകമായി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു.

കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്.

ഭരണത്തുടർച്ച പ്രവർത്തകരെ അഴിമതിക്കാരാക്കുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് നേർവഴി നയിക്കാൻ പാർട്ടിഅംഗങ്ങളുടെ തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്, ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്.

ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താൻ ഈ ആരോപണമുന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർബോർഡിലടക്കം മാറ്റം വരുത്തിയെന്നും ജയരാജൻ കമ്മിറ്റിയോഗത്തിൽ പറഞ്ഞു. 'സമകാലിക രാഷ്ട്രീയസംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തരകടമയും' എന്ന തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ആരോപണം. ഏറെ നാളായി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് നിൽക്കുന്ന ഇ.പി യോഗത്തിലുണ്ടായിരുന്നില്ല.

പി. ജയരാജൻ വാർത്ത ശരിവച്ചില്ലെങ്കിലും ആരോപണം നിഷേധിക്കാൻ തയ്യാറായില്ല. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ ജയരാജൻ പറഞ്ഞു. നേരത്തേ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജൻ ആരോപണമുന്നയിച്ചിരുന്നു.

ഇ.പി.ജയരാജൻ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്. പി.ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥവ്യാപ്തി കൂടുതലാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് കേട്ടയുടൻ തള്ളിക്കളയാതെ ആരോപണം എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചത്. എഴുതി നൽകാമെന്ന് ജയരാജൻ സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണം.