photo

വനാതിർത്തിയിൽ ഒരു കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ ആയി 2022 ജൂൺ മൂന്നിന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതോടെ കേരളത്തിലെ മലയോര മേഖലകൾ സംഘർഷഭരിതമാണ്. മനുഷ്യ- വന്യമൃഗ സംഘർഷം കുറയ്ക്കുക, വനനശീകരണത്താലുള്ള മണ്ണൊലിപ്പ് തടയുക, ഉരുൾപൊട്ടൽ ഒരു പരിധിവരെ ഒഴിവാക്കുക, ജൈവവൈവിദ്ധ്യനാശം കുറയ്ക്കുക, ദേശീയ വന്യജീവി ആക്‌ഷൻപ്ലാൻ നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുപ്രീം കോടതി ഒരു കിലോമീറ്റർ ഇക്കോ സെൻസിറ്റീവ് സോൺ ആയി 2022 ജൂൺ മൂന്നിന് വിധി പ്രഖ്യാപിച്ചത്. ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, സംരക്ഷിത വനങ്ങൾ, ബയോ സ്ഫിയർ റിസർവുകൾ, പക്ഷിസങ്കേതങ്ങൾ, സംരക്ഷിത മേഖലകൾ എന്നിവ മനുഷ്യന്റെ ഇടപെടൽമൂലം നശിക്കരുത് എന്ന ലക്ഷ്യത്തോടെയുള്ള 1986 ലെ പരിസ്ഥിതി നിയമമാണ് വിധിയുടെ അടിസ്ഥാനം.

സർക്കാരും സുപ്രീം കോടതി വിധിക്കെതിരെ സമരം നടത്തുന്നവരും പറയുന്നതുപോലെ സംരക്ഷിത മേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ അല്ല ഇക്കോ സെൻസിറ്റീവ് സോൺ ആണ് വിടേണ്ടത് . ബഫർ സോണിനു പുറത്താണ് ഇക്കോ സെൻസിറ്റീവ് സോൺ. കോർ സോൺ, ബഫർ സോൺ, ഇക്കോ സെൻസിറ്റീവ് സോൺ എന്നത് സംരക്ഷിത മേഖലകളിലെ വനംവന്യജീവി മാനേജ്‌മെന്റ് പ്ലാനിൽ വനത്തിൽ നിശ്ചയിക്കേണ്ട അതിർവരമ്പുകളാണ്. ഇതിൽ ഇക്കോ സെൻസിറ്റീവ് സോണിൽ മനുഷ്യവാസം കോടതിയും പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും ഇപ്പോഴത്തെ സുപ്രീം കോടതി വിധിയിൽ പറയുന്ന ഇക്കോ സെൻസിറ്റീവ് സോൺ ബഫർ സോണല്ല. സർവേനമ്പറുകളും നിർമിതികളും വ്യക്തിഗത വിവരങ്ങളും അടയാളപ്പെടുത്തി ഉപഗ്രഹചിത്രം സഹിതം ബഫർ സോൺ എന്ന് രേഖയായി സുപ്രീം കോടതിയിൽ നൽകുന്നത് കൈയേറ്റ വിവരങ്ങൾ വ്യക്തമായി നൽകുന്നത് പോലെയാണ്. ഒരുപക്ഷേ ബഫർ സോണിൽ എങ്ങനെ പട്ടയം കിട്ടിയെന്നു വരെ ചോദ്യം വന്നേക്കാം.

ഒരു കിലോമീറ്റർ ചുറ്റളവിൽ നിലവിലെ ഇക്കോ സെൻസിറ്റീവ് സോണിലെ ജനവാസകേന്ദ്രങ്ങളാണ് വിധിവന്ന് മൂന്നു മാസത്തിനുള്ളിൽ സംസ്ഥാന സർക്കാർ വനം, പരിസ്ഥിതി, കാലവസ്ഥാ മന്ത്രാലയത്തിനും കേന്ദ്ര എംപവേഡ് കമ്മിറ്റിക്കും നൽകാൻ സുപ്രീം കോടതി വിധിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ നിയമത്തിലെ പഴുതുകൾ കണ്ടുപിടിച്ചു വോട്ടുബാങ്കിന്റെ ലക്ഷ്യത്തിൽ നിയമം ദുർബലമാക്കാൻ സർക്കാർ ശ്രമിക്കരുത്. കാരണം സുസ്ഥിര വികസനം, ആഗോളതാപനം, കാലാവസ്ഥാ ദുരന്തങ്ങൾ എന്നിവകൂടി പരിഗണിച്ചാണ് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി. 2022 ജൂൺ
മുതൽ മൂന്നു മാസത്തിനുള്ളിൽ വസ്തുതകൾ ഹാജരാക്കി ഇളവിന് അപേക്ഷിക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു. വിധിവന്ന് ആറുമാസം കഴിഞ്ഞിട്ടും അതുണ്ടായിട്ടില്ല.

നിലവിലുള്ള വനത്തിന്റെ വിസ്‌തീർണം കുറയ്‌ക്കാതെ ഭൂമുഖത്തു നിലനിറുത്തേണ്ടത് അന്താരാഷ്ട്ര ഉടമ്പടി പ്രകാരം കേരള കേന്ദ്ര സർക്കാരുകളുടെ ചുമതലയാണ്. സംരക്ഷിത മേഖലകൾക്ക് ചുറ്റും ഇക്കോ സെൻസിറ്റീവ് സോൺ ഇല്ലെങ്കിൽ കാട് നാടാകാൻ അധികകാലം വേണ്ടിവരില്ലെന്ന തിരിച്ചറിവാണ് വിധിക്ക് ആധാരം. മനുഷ്യനിർമിത കാട്ടുതീ, കൈയേറ്റം, വനംകൊള്ള, മരം മുറി, വന്യജീവി കടത്ത്, അനധികൃത പാറ ഖനനം, മണൽകടത്ത്, മലിനീകരണം എന്നിവയെല്ലാം കണക്കിലെടുത്താണ് സുപ്രീം കോടതിയുടെ ഇടപെടൽ.

കേരളത്തിലെ മലയോര മേഖലകളിൽ സുപ്രീം കോടതി വിധിയെത്തുടർന്ന് സമര ആഭാസങ്ങളും ഹർത്താലുകളും പൊതുമുതൽ നശികരണവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസിന്റെ ബോർഡ് വരെ നശിപ്പിക്കുന്നു. ജനങ്ങളെയും അധികാരകേന്ദ്രങ്ങളേയും ഭീതിയിലാക്കുകയാണ് ലക്ഷ്യം. ഹൈറേഞ്ച് ആകെ അരക്ഷിതമാണെന്ന് വരുത്തിത്തീർക്കണം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയാൻ ഈ പ്രയോഗങ്ങൾ ഗുണം ചെയ്തു. മലയോര സമരത്തിന്റെ പ്രത്യേകത അന്നത്തെ അതേവിഭാഗം തന്നെയാണ് ഇപ്പോഴും സമരം നയിക്കാൻ മുന്നിൽ നിൽക്കുന്നത് എന്നുള്ളതാണ്. അന്ന് ഫോറസ്റ്റ് ഓഫീസ് കത്തിക്കുകയും പ്രമാണങ്ങൾ നശിപ്പിക്കുകയും നക്സൽ പ്രസംഗം നടത്തുകയും ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കിട്ടുകയും ചെയ്തു. സമരങ്ങൾ വർഗീയമാക്കുന്നത് നന്നല്ല.

വിധി പ്രകാരം ഇക്കോ സെൻസിറ്റീവ് സോണിൽ കൃഷിക്ക് നിയന്ത്രണമോ, വിലക്കോ ഇല്ല. നിലവിലുള്ള കെട്ടിടങ്ങൾക്കോ താമസത്തിനോ ഭൂമി വില്പനയ്‌ക്കോ ഒരു വിലക്കുമില്ല. ആരെയും കുടിയോഴുപ്പിക്കുന്നുമില്. ബാക്കിയുള്ള പ്രചാരണങ്ങൾ സത്യവിരുദ്ധമാണ്. ജനവാസ കേന്ദ്രങ്ങൾ കാടാക്കി മറ്റാനുള്ള ഒരു നിർദ്ദേശവും സുപ്രീം കോടതി നൽകിയിട്ടില്ല. വിധി മറികടക്കാൻ യഥാർത്ഥ വസ്തുതകളെ വളച്ചൊടിക്കുന്നതും മലയോര മേഖലകളിൽ ഭീകരതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതും ആർക്കും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല ദോഷകരമാവുകയും ചെയ്യും. ഇത്തരം സമരമുറകൾ സുപ്രീം കോടതിയോട് എടുത്താൽ പ്രശ്നം വഷളാക്കുകയേ ഉള്ളൂ. കലാപങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആഹ്വാനങ്ങൾ ആര് നടത്തിയാലും കേരള സർക്കാർ നടപടിയെടുക്കണം. വിഴിഞ്ഞം സമരം നൽകുന്ന മുന്നറിയിപ്പ് സർക്കാർ മനസിലാക്കണം.

( ലേഖകൻ പീച്ചി കേരള ഫോറസ്‌റ്റ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് മുൻ രജിസ്ട്രാറാണ് ഫോൺ - 94473 91905)