mammootty

ഫിലിം ഫെസ്റ്റിവൽ വേദിയിൽ നേടിയ വൻ അഭിപ്രായത്തിനും പുരസ്കാര നേട്ടത്തിനും പിന്നാലെ മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ളേരി ചിത്രം 'നൻപകൽ നേരത്ത് മയക്കം' തീയേറ്ററുകളിലേയ്ക്ക്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മലയാള ചിത്രം എന്നു പറയുമ്പോഴും കഥാപാത്രങ്ങൾ തമിഴാണ് സംസാരിക്കുന്നത്.

നാടക നടനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജെയിംസ് ഉൾപ്പെടെയുള്ള നാടകസംഘം വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുകയാണ്. യാത്രയ്ക്കിടെ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെടുന്ന ജെയിംസ് അടുത്തുള്ള ഗ്രാമത്തിലേയ്ക്ക് പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുന്നതും ട്രെയിലറിൽ കാണാം. രണ്ട് വർഷം മുമ്പ് ഗ്രാമത്തിൽ നിന്ന് കാണാതായ സുന്ദരം ആണെന്ന മട്ടിലാണ് ജെയിംസിന്റെ പെരുമാറ്റം. ജെയിംസും തമിഴ്നാട്ടിലെ ആ ഗ്രാമവാസികളും നാടക സമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രമ്യ പാണ്ഡ്യൻ, അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.