journalist

ലക്നൗ: ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മരിച്ച 53 പത്രപ്രവർത്തകരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം സഹായം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽവച്ചായിരുന്നു ധനസഹായം വിതരണം ചെയ്തത്.

ഉത്തർപ്രദേശിൽ നൂറ്റിമൂന്ന് പത്രപ്രവർത്തകരാണ് ഒന്നരവർഷത്തനിടെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. ഇതിൽ അമ്പത്തിമൂന്ന് പേരുടെ കുടുംബങ്ങൾക്ക് നേരത്തേ സർക്കാർ ധനസഹായം നൽകിയിരുന്നു. ശേഷിക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ കുട‌ുംബങ്ങൾക്കാണ് ഇന്നലെ തുക കൈമാറിയത്. 'കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ എത്തിക്കാൻ മാദ്ധ്യമപ്രവർത്തകർ നടത്തിയ ശ്രമം പ്രശംസനീയമാണ്. സംസ്ഥാനത്ത് 103 മാദ്ധ്യമപ്രവർത്തകരെയാണ് കൊവിഡ് മൂലം നമുക്ക് നഷ്ടമായത്. ഇതൊരു വികാരനിർഭരമായ നിമിഷമാണ്. ഈ ദുഃഖസമയത്ത് സംസ്ഥാന സർക്കാർ എല്ലാ കുടുംബങ്ങൾക്കും ഒപ്പം നിൽക്കുന്നു. എല്ലായ്‌പ്പോഴും മാദ്ധ്യമ പ്രവർത്തകരുടെ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ നിലകൊണ്ടിട്ടുള്ളത്. സർക്കാരും മാദ്ധ്യമ പ്രവർത്തകരും ഒന്നിച്ചാണ് നാടിന്റെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി വിവിധ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചുവരികയാണ്'- യോഗി പറഞ്ഞു.

കൊവിഡ് വീണ്ടും ലോകത്തെ ഭീതിയുടെ മുൾമുനയിലാക്കിയിരിക്കുകയാണെങ്കിലും ടീംവർക്കും അച്ചടക്കവും കൊണ്ട് ഇന്ത്യ ആ ഭീഷണിയെ സമർത്ഥമായി മറികടക്കുമെന്നും യോഗി പറഞ്ഞു.