
ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഉറക്കമില്ലായ്‌മയാണ് പലരുടെയും പ്രശ്നം. ദൈനംദിന ജീവിതത്തിലെ പിരിമുറുക്കവും മാനസിക സംഘർഷവുമൊക്കെ തന്നെയാണ് ഉറക്കമില്ലായ‌്മയ‌്ക്ക് കാരണം. എന്നാൽ അത്തരക്കാർക്ക് ആശ്രയിക്കാവുന്ന രീതിയാണ് യു എസ് മിലിട്ടറി മെത്തേഡ്.
വെറും രണ്ട് മിനിട്ടുകൊണ്ട് ഉറങ്ങാൻ കഴിയും എന്നതാണ് ഇത് പരിശീലിച്ചാലുള്ള ഗുണം. 'റിലാക്‌സ് ആന്റ് വിൻ' എന്ന പുസ്‌തകത്തിലൂടെ ലോയ്‌ഡ് ബഡ് വിന്റർ ആണ് ഉറങ്ങാനുള്ള യു എസ് മിലിട്ടറി മെത്തേഡ് പരിചയപ്പെടുത്തിയത്. അമേരിക്കൻ നേവിയാണ് ഈ രീതി ആദ്യമായി ആവിഷ്‌കരിച്ചത്. പൈലറ്റുമാർക്ക് ഏതു സാഹചര്യത്തിലും ഉറങ്ങാൻ കഴിയണം എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. 96 ശതമാനവും വിജയമായാണ് ഈ ടെക്‌നിക്കിനെ കണക്കാക്കുന്നത്.
യു എസ് മിലിട്ടറി മെത്തേഡ് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം-
1. മുഖത്തെ പേശികൾ അയച്ചിടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. നാക്ക്, താടി, കണ്ണ് എന്നിവയെ സ്വതന്ത്രമാക്കുക.
2. തോൾ, കൈകൾ എന്നിവയ‌്ക്കാണ് തുടർന്ന് വിശ്രമം നൽകേണ്ടത്. അതിനുശേഷം ദീർഘശ്വാസം പുറപ്പെടുവിക്കുക.
3. നെഞ്ച്, വയറ് എന്നിവയാണ് മൂന്നാമതായി ഫ്രീയാക്കേണ്ടത്. തുടർന്ന് തുട, പിൻകാലുകൾ എന്നിവയും അയച്ചിടണം.
4. ഇത്രയും ചെയ‌്തതിന് ശേഷം മനസിനെ പൂർണമായും സ്വസ്ഥമാക്കുക.
5. ഉറക്കം വന്നില്ലായെങ്കിൽ ഒരാവർത്തി കൂടി ചെയ്യുക. ഫലമുണ്ടാകും.