jayarajan

പത്തനംതിട്ട: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം ഇഡി അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണത്തിന്റെ തണലിൽ സി പി എമ്മിന്റെ നേതാക്കൾ ഇഷ്ടക്കാരുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയരാജന്റെ ഭാര്യ ഇന്ദിരയുടെയും മകൻ ജയ്സണിന്റെയും സാമ്പത്തിക ഉറവിടത്തെക്കുറിച്ചും അറിയേണ്ടതുണ്ട്. പാർട്ടി അന്വേഷണമല്ല വേണ്ടത്. പാർട്ടിക്കകത്ത് അന്വേഷിച്ച് എല്ലാം ഒതുക്കിതീർക്കുകയാണ് സി പി എം എല്ലായിപ്പോഴും ചെയ്യുന്നത്. ഇതുവഴി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

കണ്ണൂരിലെ വൈദേഹം റിസോർട്ടിന്റെ പേരിൽ ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു സി പി എം നേതാവ് പി ജയരാജന്റെ ആരോപണം. ഇ പിയുടെ ഭാര്യ നേരത്തെ ഈ റിസോർട്ടിന്റെ ഡയറക്ടറായിരുന്നു. നിലവിൽ മകൻ ഡയറക്ടറാണ്. ഏറ്റവും ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സി പി എം നേതാവ് പി ജയരാജൻ പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ എൽ ഡി എഫ് കൺവീനർ സ്ഥാനം രാജിവയ്‌ക്കാൻ ജയരാജൻ സന്നദ്ധത അറിയിച്ചതായി രാവിലെ റിപ്പോർട്ടുകൾ വന്നിരുന്നു.